പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മികവുറ്റതായി: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: പൊതു വിദ്യാഭ്യാസ രംഗം മികച്ചതാക്കി മാറ്റുന്നതിനുള്ള കേരള മോഡല്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. വെള്ളിപറമ്പ് ജിഎല്‍പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കിഫ്ബി പദ്ധതിക്ക് കീഴില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസ് മുറികള്‍ സ്മാര്‍ട്ടായി മാറിക്കെണ്ടിരിക്കുകയാണ്. കിഫ്ബിയില്‍ നിന്നുള്ള 5 കോടി രൂപ വീതം ചെലവഴിച്ച് 138 സ്‌കൂളുകളില്‍ കെട്ടിട നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി. 3 കോടി വിഭാഗത്തില്‍ 178 സ്‌കൂളുകളിലും ഒരു കോടി വിഭാഗത്തില്‍ 192 സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. നബാഡിന്റെ സഹായത്തോടെ 104 കോടി രൂപ വിനിയോഗിച്ച് 52 സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1.11 കോടി രൂപയും എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 12.5 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് വെള്ളിപറമ്പ് ജിഎല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. രണ്ട് നിലകളിലായി ആറ് ക്ലാസ്സ് മുറികളും ഇരുനിലകളിലും വരാന്തയും ഉള്‍പ്പെടുത്തി 395 ച. മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. നേരത്തെ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവില്‍ സ്‌കൂളിന് വേണ്ടി ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ ആധിക്യം കാരണം ആവശ്യമായ ക്ലാസ്സ് മുറികള്‍ ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് പി.ടി.എയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് പുതിയ കെട്ടിടം പണിതത്.
ചടങ്ങില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാഹിന സലാം, സൈദത്ത്, ബിജു ശിവദാസ്, പ്രസീദ് കുമാര്‍, കെ ടി മിനി, സുസ്മിത വിത്താരത്ത്, കോഴിക്കോട് റൂറല്‍ എഇഒ എംടി കുഞ്ഞുമൊയ്തീന്‍കുട്ടി, ഉദ്യോഗസ്ഥര്‍ മറ്റുരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി നിധീഷ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് വി.കെ ബീന നന്ദിയും പറഞ്ഞു.