എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു താഴെ കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നു

എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു താഴെ കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നു. 66 കെ.വി.മുതൽ മുകളിലേക്കുള്ള വൈദ്യുത ലൈനുകൾക്കു താഴെയാണ് നിർമാണം വിലക്കുന്നത്. ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ‘എതിർപ്പില്ലാരേഖ’യുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരുന്ന നിർമാണങ്ങൾ ഇനി നടക്കില്ല.

നേരത്തേ, ഇന്ത്യൻ ടെലിഗ്രാഫ് നിയമമനുസരിച്ച് വിജ്ഞാപനംവഴി സ്വകാര്യഭൂമിയിലൂടെ വൈദ്യുത ലൈൻ വലിക്കുകയായിരുന്നു. ലൈനിനു താഴെയുള്ള ആദായം കിട്ടുന്ന മരങ്ങൾക്കുമാത്രമാണ് നഷ്ടപരിഹാരം നൽകിയിരുന്നത്. പിന്നീട് തർക്കങ്ങളും വ്യവഹാരങ്ങളും പതിവായപ്പോൾ ചെറിയ തുക നഷ്ടപരിഹാരം നൽകിയിരുന്നു. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ക്കനുസരിച്ച് കെ.എസ്.ഇ.ബി. ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത്തരം വൈദ്യുത ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക ഉയർത്തിയിട്ടുണ്ട്.

എക്സ്ട്രാ ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന വൈദ്യുത ടവറുകൾ നിൽക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുകയും കുത്തനെ ഉയർത്തിയിട്ടുണ്ട്. നേരത്തേ ഭൂമിവിലയുടെ 85 ശതമാനമായിരുന്നു ഇത്. ഇനി 200 ശതമാനം നഷ്ടപരിഹാരം നൽകും. ഭൂമിവില തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടമാകും.  ഇനി ഗ്രാമങ്ങളിൽ ഭൂമിവിലയുടെ 15 ശതമാനവും നഗരങ്ങളിൽ 30 ശതമാനവും നഷ്ടപരിഹാരം നൽകും. 66 കെ.വി. ലൈനാണെങ്കിൽ മധ്യഭാഗത്തെ കമ്പിയിൽനിന്ന് ഇരുവശത്തേക്കും ഒൻപതുമീറ്റർ വീതം ഭൂമിക്കാണ് നഷ്ടപരിഹാരം നൽകുക. 110 കെ.വി. ലൈനാണെങ്കിൽ ഇത് 22 മീറ്ററാകും. ഈ സ്ഥലത്തിനു താഴെ നിർമാണപ്രവർത്തനങ്ങൾ പൂർണമായി വിലക്കും

പുതിയ തീരുമാനം കെ.എസ്.ഇ.ബി.ക്ക് വലിയ ബാധ്യതയാകും. ടവറിന്റെ നാലു കാലുകൾ നിൽക്കുന്ന ഭൂമിയുടെ വിസ്തീർണം കണക്കാക്കിയായിരുന്നു ഇതുവരെ നഷ്ടപരിഹാരം നൽകിയിരുന്നത്. ഇനി ഓരോ വശത്തും ഒരുമീറ്റർകൂടി അധികം ഭൂമി ഏറ്റെടുക്കും. ഇങ്ങനെ രണ്ടര ഇരട്ടിയോളം ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!