ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എസ്ബിഎംആര്‍ യൂണിറ്റിലേക്ക് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത – ഏതെങ്കിലും ബിരുദത്തോടൊപ്പം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റേഴ്‌സ് (എംസിഎ), അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം. ആരോഗ്യ, ഗവേഷണ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 ന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. ഫോണ്‍ – 0483 2764056, 2765056.

സ്റ്റാളുകളും കോള്‍ഡ് സ്‌റ്റോറേജുകളും ലേലം ചെയ്യുന്നു
വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍/ലേല (ക്വട്ടേഷന്‍ നം. 08/202425) അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്രവച്ച കവറില്‍ ഫെബ്രുവരി 27 ന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ച 2.30 ന് പരസ്യലേലത്തിന് ശേഷം ക്വട്ടേഷന്‍ തുറക്കും.

ഫര്‍ണിച്ചര്‍ വിതരണം – ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കോഴിക്കോട് റൂറല്‍ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 36 അങ്കണവാടികള്‍ക്കാവശ്യമായ ഫര്‍ണിച്ചര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഉള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 25 ന് ഉച്ച രണ്ട് മണി. അന്ന് 2.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ – 0495 2966305.

തൊഴില്‍മേള വഴി 64 പേര്‍ക്ക് നിയമനം
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സിവില്‍ സ്റ്റേഷന്‍ ഗവ. യു.പി സ്‌ക്കൂളില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം ആര്‍ രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സോണിയ എ എം ജോബ്ഫെയര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) സുരേഷ് സി, സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂള്‍ പ്രധാനാധ്യാപിക ഷോളി വി, എംപ്ലോയ്മെന്റ് ഓഫീസര്‍ (വി.ജി) സജീഷ് സി കെ സംസാരിച്ചു. വിവിധ മേഖലകളിലെ 15 തൊഴില്‍ദാതാക്കള്‍ പങ്കെടുത്ത മേളയില്‍ 390 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. 64 പേര്‍ക്ക് നിയമനം ലഭിച്ചു. 144 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.

ഗതാഗത നിയന്ത്രണം
കോഴിക്കോട്- മാവൂര്‍ റോഡില്‍ മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ആനക്കുഴിക്കര വരെയുള്ള റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം 24ന്
ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍. ഫോണ്‍ – 0495 2355840.







