ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ശ്രദ്ധിക്കുക: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തില്‍

ടോള്‍ പ്ലാസകളിലൂടെ പോകുന്നവര്‍ ഇന്ന് മുതല്‍ ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ടോള്‍ പ്ലാസ കടക്കുന്നവര്‍ ഇന്ന് മുതല്‍ അറിയേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങൾ ചുവടെ.

1 വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലന്‍സ് ഇല്ലാതിരിക്കുക, കെ വൈ സി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്‍റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.

2 ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.

3 ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.

4 ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.

5 നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.

അതേസമയം പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നുള്ള വാർത്ത പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ ഈടാക്കും എന്നതാണ്. 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതൽ സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക് പ്രതിമാസ പാസ് അനുവദിക്കും. പാസ് എടുക്കാൻ ഈ മാസം അവസാനം വരെ സമയം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ടോള്‍ പിരക്കാനുള്ള നീക്കം തടയുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നുമാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രതിഷേധത്തിൽ സംഘർഷ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!