മണക്കുളങ്ങര സംഭവം: സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കൊയിലാണ്ടി : കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സർക്കാർ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അപകടം നടന്ന ക്ഷേത്രപരിസരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവച്ചിട്ടുണ്ടെന്നും വെടിക്കെട്ട് സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന് ജില്ലാ ഭരണകൂടവും അഭിപ്രായം പ്രകടപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിയമപരമായി നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

പരിക്കേറ്റവരുടെ കാര്യത്തിൽ ക്ഷേത്ര ഭാരവാഹികൾ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഭവത്തിൽ മരിച്ചവരുടെ വീട്ടുകാരുടെ ദുഖത്തിൽ താനും സർക്കാരും പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങൾ മന്ത്രിതലത്തിൽ ആലോചിച്ച് തീരുമാനിക്കും. അന്വേഷണത്തിനൊടുവിൽ കുറ്റവാളികളെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായി സംസാരിച്ച ശേഷം അപകടത്തിൽ മരണപ്പെട്ട മൂന്നുപേരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ, വടക്കയിൽ രാജൻ എന്നിവരുടെ വീടാണ് സന്ദർശിച്ചത്. ക്ഷേത്രത്തിലെ തകർന്ന കെട്ടിടവും ക്ഷേത്ര പരിസരവും മന്ത്രി സന്ദർശിച്ചു.

മന്ത്രിയ്ക്കൊപ്പം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി എം കോയ, നഗരസഭ കൗൺസിലർമാരായ സി പ്രഭ, പി ബി ബിന്ദു എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!