ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ചെറുക്കണം: മന്ത്രി എം ബി രാജേഷ്

വർധിക്കുന്ന ലഹരി ഉപയോഗത്തെ സാമൂഹ്യ വിപത്തായി കണ്ട് കൂട്ടായ പരിശ്രമത്തിലൂടെ ചെറുത്തു തോൽപ്പിക്കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കുന്ദമംഗലം എക്‌സൈസ്‌ റെയിഞ്ച് ഓഫീസിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ സർക്കാർ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയത്.

98 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ഏറ്റവും ഉയർന്ന ലഹരി ഉപയോഗമുള്ള സംസ്ഥാനങ്ങളിൽ ഇത് 25 ശതമാനം മാത്രമാണ്. ലഹരി ഉപയോഗത്തിൽ അകപ്പെട്ടുപോകുന്ന പുതുതലമുറയെ അതിൽനിന്ന് മോചിപ്പിച്ച് കൈപിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിനെ നവീകരിക്കാനും ആധുനികവൽക്കരിക്കാനും ഉള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണവും അതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും എക്സൈസ് വകുപ്പിന്റെ മാത്രം ചുമതലയായി കാണരുതെന്നും സമൂഹം ഒന്നടങ്കം ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമാവണമെന്നും മന്ത്രി പറഞ്ഞു.

വെസ്റ്റ് ചാത്തമംഗലത്ത് നടന്ന ചടങ്ങിൽ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണത്തിനായി ബജറ്റ് തുകയില്‍ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്. പുതിയ എക്സൈസ് റേഞ്ച് ഓഫീസ് വരുന്നതോടു കൂടി വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കും. ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയിൽ ലഭ്യമാക്കിയ 10 സെൻ്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 433 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ രണ്ട് നിലകളും സ്റ്റെയർ റൂമുകളും അടങ്ങിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിശാലമായ പാർക്കിംഗ് സൗകര്യവും ഡൈനിങ് ഹാൾ സൗകര്യവും ഒന്നാം നിലയിൽ ഓഫീസ് സൗകര്യവും ഉൾപ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!