സമൂഹിക നീതിയിലധിഷ്ഠിതമായ വികസന മുന്നേറ്റമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി

സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസന മുന്നേറ്റമാണ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാഴ്ച വെച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. 2025 – 26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഫാം ടൂറിസം, ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡി, ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയവ സംസ്ഥാനത്തിന് തന്നെ മാതൃകയായ ജില്ലാ പഞ്ചായത്തിന്റെ സവിശേഷ പദ്ധതികളാണ്.
കാര്‍ഷിക, ഉല്‍പ്പാദന മേഖലകളില്‍ വലിയ മുന്നേറ്റം ഇക്കാലയളവില്‍ സാധ്യമാക്കാനായി. ജില്ലാ പഞ്ചായത്തിന് കീഴിലെ അഞ്ച് ഫാമുകളിലെയും പശ്ചാത്തലസൗകര്യം മികച്ച നിലയില്‍ മെച്ചപ്പെടുത്തി ഉല്‍പ്പാദനവും വരുമാന വര്‍ദ്ധനവും ഉറപ്പാക്കി. മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പാക്കാനും സാധിച്ചു. ഈ ഭരണകാലത്ത് നിരവധി തരിശ് നിലങ്ങള്‍ പ്രയോജനപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ഫാം ടൂറിസം പരിപാടികള്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളുകളിലേക്കും വിപുലീകരിക്കാനാണ് ശ്രമം. വിത്തുദ്പാദന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനായി.
കാര്‍ഷിക മേഖലയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് ആരംഭിച്ച ‘കൃഷിപാഠം’ പരിപാടിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ളത്.
വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യത്തിന് മികച്ച ശ്രദ്ധ നല്‍കുന്നതോടൊപ്പം പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മെച്ചപ്പെട്ട ഇടപെടല്‍ ഉറപ്പാക്കി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസവും ആരോഗ്യവും ഉറപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച ‘പുലര്‍കാലം’, ഉന്നത വിദ്യാഭ്യാസ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും വിദേശ ഭാഷ പഠനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന ‘എജുകെയര്‍’ തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമാണ്.
ക്ഷേമരംഗത്ത് സ്‌നേഹസ്പര്‍ശം ഉള്‍പ്പെടെയുള്ള അഭിമാനകരമായ പദ്ധതികള്‍ ഒട്ടേറെയാണ്. സമൂഹത്തില്‍ പാര്‍ശ്വവല്‍കരിക്കപ്പെടുന്ന എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തിയും സമഗ്ര നിലയിലുള്ള ക്ഷേമവും ഉറപ്പാക്കിയാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ചു വന്നിട്ടുള്ളത്. വനിതകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയ സാമൂഹ്യ വിഭാങ്ങളെ ഉള്‍ക്കൊണ്ടുള്ള ബഹുമുഖങ്ങളായ പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍വഹിച്ചു വരുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഈ രംഗങ്ങളിലെ മാതൃക ഇടപെടലുകള്‍ അംഗീകരിക്കുന്നതാണ് ഇക്കാലയളവില്‍ തേടിയെത്തിയ നിരവധി സംസ്ഥാന, അന്തര്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍.
സമഗ്ര പരിരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വിവര ശേഖരണവും പൂര്‍ത്തിയാക്കുകയാണ്. ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്നവരെ കേന്ദ്രീകരിച്ചുള്ള ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡി നടത്തുന്ന ആദ്യ ജില്ലാ പഞ്ചായത്താണ് കോഴിക്കോട്.
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ക്ഷേമ, ശാക്തീകരണ പദ്ധതി പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്. പശ്ചാത്തല വികസന രംഗത്തും മികച്ച ഇടപെടല്‍ ഉറപ്പാക്കുന്നുണ്ട്. പഠനമുറി ഉള്‍പ്പെടെയുള്ള പരിപാടികള്‍ വരും വര്‍ഷങ്ങളിലും തുടരും. കൂട്ടായ നീക്കത്തിലുടെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ മുഖ്യധാര പ്രവേശനം ഉറപ്പാക്കും. വിദ്യാഭ്യാസ രംഗത്തും സ്വയം സംരംഭകത്വ മേഖലയിലും പിന്തുണ നല്‍കും.
ക്യാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെയുള്ള കണ്ടെത്തല്‍, പ്രാഥമിക പരിശോധനകള്‍, തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍, ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുന്നതിന് ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി രൂപീകരിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്ത് അതിനാവശ്യമായ പിന്തുണ നല്‍കും.
കിഡ്‌നി മാറ്റല്‍ ശാസ്ത്രക്രിയക്ക് സമ്പൂര്‍ണ്ണ തുക അനുവദിക്കുന്ന ‘ജീവജ്യോതി’ പദ്ധതിയിലുടെ 82 ഓളം രോഗികളുടെ സര്‍ജറി പൂര്‍ത്തിയാക്കി.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും ഒറ്റ യൂനിറ്റായി നിലക്കൊള്ളണമെന്നും ജില്ലയുടെ ആകെ വികസനത്തിന് കൂട്ടായി പ്രയത്‌നിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരുടെ അസോസിയേഷന്‍ സെക്രട്ടറി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജവഹര്‍ പൂമംഗലം, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഏലിയമ്മ നൈനാന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ വര്‍ക്കിങ്ങ് കമ്മിറ്റികള്‍ നടത്തിയ ചര്‍ച്ചകള്‍ ആസൂത്രണ സമിതി അധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് ക്രോഡീകരിച്ചു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ പി സുരേന്ദ്രന്‍ സ്വാഗതവും സീനിയര്‍ സൂപ്രണ്ട് ടി അബ്ദുനാസര്‍ നന്ദിയും പറഞ്ഞു.







