മൂന്നിരട്ടിയിലധികം വിളവ് നൽകുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സീഡ് ഫാമിൽ തുടക്കമായി

പേരാമ്പ്ര: പച്ചക്കറി വിളകളിൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കൃത്യത കൃഷിക്ക് പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ തുടക്കമായി. ഒരു ഏക്കറോളം സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ശാസ്ത്രീയമായി കൃഷിയിടം തയ്യാറാക്കി അടിവളങ്ങളും ജൈവ വളവും നൽകിയ ശേഷം തുള്ളിനന സമ്പ്രദായത്തിലൂടെ വെള്ളവും വളവും നൽകുകയും പ്ലാസ്റ്റിക്ക് പുതയിടീലും അനുവർത്തിക്കുന്ന രീതിയാണ് കൃത്യത കൃഷി.

വെള്ളത്തിൽ ലയിപ്പിക്കുന്ന വളങ്ങൾ ചെടിയുടെ വളർച്ചാ ഘട്ടത്തിനനുസരിച്ച് പോഷക മൂലകങ്ങളുടെ തോത് നിശ്ചയിച്ച് നൽകുന്നു. ഇത്തരത്തിൽ നൽകുന്നതിലൂടെ പോഷക മൂലകങ്ങൾ നേരിട്ട് വേരു പടലങ്ങളിൽ എത്തുകയും ചെടി അവ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. തുള്ളി നനയിലൂടെ ആവശ്യമായ വെള്ളം കൃത്യമായ അളവിൽ നൽകാനും ജലം ലാഭിക്കാനും സാധിക്കുന്നു. ഈ രീതിയിലൂടെ ഉല്പാദനം പരമ്പരാഗത രീതിയെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

കർഷകർക്ക് വന്ന് കണ്ട് പഠിക്കാനുള്ള ഒരു പ്രദർശന തോട്ടം എന്ന നിലയിൽ കൂടിയാണ് തോട്ടം സജ്ജമാക്കിയിരിക്കുന്നതെന്ന് പേരാമ്പ്ര ഫാം സീനിയർ കൃഷി ഓഫീസർ പി പ്രകാശ് വിശദീകരിച്ചു. പാവൽ, പടവലം, വെള്ളരി മത്തൻ, കുമ്പളം, വഴുതന, ചീര എന്നിങ്ങനെയുള്ള വിളകളാണ് ഈ നൂതന മാർഗത്തിൽ കൃഷി ഫാമിൽ ചെയ്തിരിക്കുന്നത്. ഗുണമേന്മയുള്ള വിത്തുകൾ ഉല്പാദിപ്പിക്കുന്നതിനും കൃത്യത കൃഷി രീതി സഹായിക്കുന്നു. പോളി ഹൗസുകളിലും തുറസ്സായ സ്ഥലത്തും നടത്താം എന്നതാണ് ഈ കൃഷി രീതിയുടെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!