കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ ജോബ്ഫെയര്‍ 15 ന്

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ ജോബ്ഫെയര്‍ 15 ന്
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്.
ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ്: calicutemployabilitycentre.

ഡാറ്റാ അനാലിസിസ്, വിഷ്വല്‍ പ്രസന്റേഷന്‍ എന്നിവയില്‍ ഏകദിന പരിശീലനം
ഡാറ്റാ അനാലിസിസ് വിഷ്വല്‍ പ്രസന്റേഷന്‍ തുടങ്ങിയവയില്‍ ആധുനിക സാങ്കേതികയുടെ ഉപയോഗ രീതികളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡൈനാമിക് ഡാഷ്‌ബോര്‍ഡുകള്‍, തല്‍സമയ റിപ്പോര്‍ട്ടുകളുടെ രൂപീകരണം, ഡാറ്റാ ചിത്രീകരണത്തിന്റെ നവീനരീതികള്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് എക്‌സല്‍, പവര്‍ ബി ഐ ടൂളുകളിലാണ് പരിശീലനം. ഗവേഷകര്‍, വിപണന – മനുഷ്യവിഭവശേഷി മേഖലയിലെ പ്രൊഫഷണലുകള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനകരമായ വിധമാണ് പരിശീലനം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) ‘ഇന്‍സ്പയര്‍’ സീരീസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി മാര്‍ച്ച് 1 ന് തൈക്കാടുള്ള (സി.എം.ഡി) സില്‍വര്‍ ജൂബിലീ ഹാളിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 21ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8714259111, 0471 2320101, www.cmd.kerala.gov.in.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 17 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ വി പി സുകുമാരന്‍ ഫെബ്രുവരി 17 ന് സിറ്റിംഗ് നടത്തുന്നു. വില്ല്യാപള്ളി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മുതലാണ് സിറ്റിംഗ്.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
ഭൂമി തരം മാറ്റല്‍ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധന നടത്തുന്നതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വാഹനങ്ങള്‍ ആവശ്യമുണ്ട്. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട അപേക്ഷകളിലെ ഫീല്‍ഡ് പരിശോധനകള്‍ നടത്താന്‍ ഒരു വര്‍ഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 35000 രൂപ നിരക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ന് കീഴില്‍ കൊയിലാണ്ടി താലൂക്കില്‍ മൂന്ന് വാഹനങ്ങളും വടകര താലൂക്കില്‍ രണ്ട് വാഹനങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വേണ്ടത്. പൂര്‍ണമായും വര്‍ക്കിങ്ങ് കണ്ടിഷനോട് കൂടിയതും 1000 cc യ്ക്ക് മുകളിലുള്ളതും 5/7 സീറ്റുകള്‍ ഉള്ളതും ടാക്സി പെര്‍മിറ്റോട് കൂടിയതുമായ വാഹനങ്ങളാണ് ആവശ്യം.
ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിനകം സീല്‍ ചെയ്ത കവറില്‍ വടകര ആര്‍ഡിഒ ഓഫീസില്‍ ലഭിക്കണം. അന്ന് നാല് മണിക്ക് വടകര ആര്‍ഡിഒ ഓഫീസില്‍ വെച്ച് ആര്‍ഡിഒ-യുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് ക്വട്ടേഷന്‍ ഉറപ്പിക്കും. ഫോണ്‍: 0496-2514300.

ടെണ്ടര്‍ ക്ഷണിച്ചു
കുന്നുമ്മല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 175 അംഗനവാടികളില്‍ 2024-25 വര്‍ഷം പ്രീസ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്നത് ഫെബ്രുവരി 20 ന് ഉച്ച 2.30 മണി വരെ. വൈകീട്ട് മൂന്നിന് തുറക്കും.

വാഹനഗതാഗതം നിരോധിച്ചു
അംശകച്ചേരി -ചെറുകുളം റോഡില്‍ കലുങ്ക് നിര്‍മ്മാണം തുടങ്ങുന്നതിനാല്‍ ഫെബ്രുവരി 12 മുതല്‍ പ്രവൃത്തി തീരുന്നത് വരെ കൂടത്തുംപൊയില്‍- ഒറ്റത്തെങ്ങ് വഴി ചെറുകുളം റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കക്കോടി- ചെലപ്രം വഴിയും തിരിച്ചും പോകണം.

മരം ലേലം
സിപിഒ ട്രാഫിക്, വനിത പിഎസ്, പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളില്‍നിന്ന് ആദായമെടുക്കുന്നതിനുള്ള അവകാശം ഇന്ന് (ഫെബ്രുവരി 11) രാവിലെ 11.30 ന് മാലൂര്‍ക്കുന്നിലെ എആര്‍ ക്യാമ്പില്‍ ലേലം ചെയ്തു കൊടുക്കും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 10 മണി മുതല്‍ 10.30 വരെ മാലൂര്‍ക്കുന്ന് എആര്‍ ക്യാമ്പ് സ്വീകരിക്കും.
കോഴിക്കോട് സിറ്റി ഡിഎച്ച്ക്യൂ ക്യാമ്പ് കോമ്പൗണ്ടിലെ ഫലവൃക്ഷങ്ങളില്‍നിന്ന് ആദായമെടുക്കുന്നതിനുള്ള അവകാശം ഇന്ന് (ഫെബ്രുവരി 11) രാവിലെ 10.30 ന് മാലൂര്‍ക്കുന്ന് എആര്‍ ക്യാമ്പില്‍ ലേലം ചെയ്തു കൊടുക്കും. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 10 മണി മുതല്‍ 10.30 വരെ സ്വീകരിക്കും.







