തദ്ദേശവാര്‍ഡ് വിഭജനം: ജില്ലയിലെ 1650 പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 13, 14 തീയതികളിൽ

കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 13, 14 തീയതികളില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെയാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കുക. കരട് വാര്‍ഡ്/നിയോജകമണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്മേല്‍ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ ഹിയറിങില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ നിന്ന് ഒരു പ്രതിനിധിക്ക് മാത്രം ഹിയറിംഗില്‍ പങ്കെടുക്കാം. അപേക്ഷ സര്‍പ്പിച്ച സമയത്ത് നല്‍കിയ കൈപ്പറ്റ് രസീത്/ രസീത് നമ്പര്‍ ഹിയറിങിന് വരുന്നവരുടെ കൈവശം ഉണ്ടായിരിക്കണം.

ആകെ 1650 പരാതികളാണ് ജില്ലയില്‍ നിന്ന് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 13 ന് രാവിലെ 9 മുതല്‍ തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍, കോഴിക്കോട് കോര്‍പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികള്‍ കേള്‍ക്കും. രാവിലെ 11 മണി മുതല്‍ വടകര, പേരാമ്പ്ര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമ പഞ്ചായത്തുകള്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പരാതികളും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ കൊടുവള്ളി, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലെ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പരാതികളും പരിഗണിക്കും.

ഫെബ്രുവരി 14 ന് രാവിലെ 9 മണി മുതല്‍ ബാലുശ്ശേരി, പന്തലായനി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെയും 11 മണി മുതല്‍ കോഴിക്കോട്, കുന്ദമംഗലം ബ്ലോക്കിനു കീഴിലെ ഗ്രാമ പഞ്ചായത്തുകള്‍, രാമനാട്ടുകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഉച്ചയ്ക്കു ശേഷം 2 മണി മുതല്‍ മേലടി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പരാതികളാണ് പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!