ദേശീയ ഗെയിംസ് ഫുട്ബോളില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളത്തിനു സ്വര്‍ണം


ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോള്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളത്തിനു സ്വര്‍ണം. ഏകപക്ഷീയമായ ഒരു ഗോളിനാണു കേരളത്തിന്റെ വിജയം. 53-ാം മിനിറ്റില്‍ എസ്. ഗോകുലാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.

27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യത്തെ ഫുട്‌ബോള്‍ ശക്തികേന്ദ്രങ്ങളിലൊന്നായ കേരളം ദേശീയ ഗെയിംസ് സ്വര്‍ണം വിജയിക്കുന്നത്. ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്. ഉത്തരാഖണ്ഡ് ബോക്‌സിനകത്തു പ്രതിരോധ താരങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന ഗോകുലിന് ആദില്‍ പാസ് നല്‍കി. പന്തെടുത്ത ഗോകുല്‍ ഉത്തരാഖണ്ഡ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെയാണു ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ കേരളത്തിന്റെ സഫ്‌വാന്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായി. പന്തുമായി കേരളത്തിന്റെ ബോക്‌സിലേക്കു കുതിച്ച ഉത്തരാഖണ്ഡ് താരത്തെ ഫൗള്‍ ചെയ്തതിനാണു നടപടി. സഫ്‌വാന് ആദ്യം യെല്ലോ കാര്‍ഡ് നല്‍കിയ റഫറി, പിന്നീട് ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ ശേഷം ചുവപ്പു കാര്‍ഡ് ആക്കി ഉയര്‍ത്തുകയായിരുന്നു.

പത്തു പേരായി ചുരുങ്ങിയ കേരളം അവസാന മിനിറ്റുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഒന്‍പതു മിനിറ്റാണ് രണ്ടാം പകുതിയില്‍ അധിക സമയമായി റഫറി അനുവദിച്ചത്. മത്സരത്തിന്റെ അവസാന സെക്കന്‍ഡുകളില്‍ ലഭിച്ച കോര്‍ണര്‍ കിക്കുകളും മുതലെടുക്കാന്‍ ഉത്തരാഖണ്ഡിനു സാധിച്ചില്ല. റഫറി ഫൈനല്‍ വിസില്‍ ഉയര്‍ത്തിയപ്പോള്‍ ഗ്രൗണ്ടില്‍ കേരളത്തിന്റെ വിജയാഘോഷം. ഇതോടെ ആതിഥേയര്‍ക്കു വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!