അഴിമതിക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി കെ രാജൻ

കോഴിക്കോട്: റവന്യൂ വകുപ്പിൽ അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കൈക്കൂലി കേസുകളിൽ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന റവന്യൂ മേഖലാതല അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി കേസുകളിൽ രണ്ട് മാസത്തിക്കനം അന്വേഷണം പൂർത്തിയാക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. സർവ്വീസ് ചട്ടങ്ങളിൽ ഉൾപ്പെടെ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

തരംമാറ്റ പെർഫോമയിലെ അനാവശ്യമായ സങ്കീർണ്ണതകൾ ഒഴിവാക്കി ആവശ്യമായ പരിഷ്കരണം കൊണ്ട് വരും. ആവശ്യമായ വിവരങ്ങൾ മാത്രമേ ഇതിൽ തേടേണ്ടതുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വില്ലേജ് ഓഫീസുകളിൽ ഡെപ്യൂട്ടി തഹസിൽദാറർമാരുടെ നേതൃത്വത്തിൽ അപ്രഖ്യാപിത പരിശോധനകൾ വ്യാപകമാക്കും. നൂറിൽ കൂടുതൽ പരാതികൾ ഉള്ള വില്ലേജുകളിൽ ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡെപ്യൂട്ടി കളക്ടർ, ആർഡിഒ തുടങ്ങിയവർ അടങ്ങുന്ന സംഘം നേരിട്ട് സന്ദർശിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വില്ലേജ് ഓഫീസുകളിലെ അച്ചടക്കം, പട്ടയം, തരംമാറ്റം, ഡിജിറ്റൽ സർവ്വേ സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശം നൽകും.

തരം മാറ്റൽ ഉൾപ്പെടെയുള്ള അപേക്ഷകൾക്ക് ഏജൻ്റുമാരെ ആശ്രയിക്കുന്ന സ്ഥിതി പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത് തടയിടുന്നതിന് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. സേവനങ്ങൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് സാങ്കേതികവിദ്യയിൽ പ്രത്യേക പരിശീലനം നൽകും. ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് നോഡൽ ഓഫീസർമാർക്ക് സംസ്ഥാന തലത്തിൽ മാസ്റ്റർ ട്രെയിനിംഗ് നടകും. പരിശീലനം ലഭിക്കുന്ന മാസ്റ്റർ ട്രയിനർമാർ ജില്ലയിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന സംവിധാനം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!