ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ
പേരാമ്പ്ര: ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകൻ വിനീത് എസ്. പോണ്ടിച്ചേരിയിൽ ജനുവരി 21 മുതൽ 25 വരെയായിരുന്നു മത്സരം നടന്നത്.
ഡയറക്ടറേറ്റ് ഓഫ് സ്‌കൂൾ എഡ്യുക്കേഷൻ, പുതുച്ചേരിയും വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റിസ്റ്റൂട്ടും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള അധ്യാപകർ പങ്കെടുത്ത ശാസ്ത്രമേളയിൽ കേരള വിഭാഗത്തിലാണ് വിനീത് എസ്. ഒന്നാമതെത്തിയത്.
പഠിക്കാൻ വിഷമമുള്ള ഭാഗങ്ങൾ മോഡലുകൾ വെച്ച് എങ്ങനെ കുട്ടികളെ എളുപ്പത്തിൽ പഠിപ്പിക്കാം എന്ന ചിന്തയിൽ നിന്നാണ് വിനീത് മാഷ് ടീച്ചിങ് എയ്ഡിലേക്ക് എത്തുന്നത്. അതൊരു മത്സര ഇനമായി മാറിയപ്പോൾ സംസ്ഥാന തലത്തിൽ നേരത്ത ഒന്നാം സ്ഥാനവും എ ഗ്രേഡും വിനീത് സ്വന്തമാക്കിയിരുന്നു.
ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണം എന്ന പാഠഭാഗത്തിലെ അപകേന്ദ്രബലവും അഭികേന്ദ്രബലവും ആയിരുന്നു മത്സരത്തിനായി ഇത്തവണയും തെരഞ്ഞെടുത്തത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായിരുന്ന കുന്ദമംഗലം ചെത്തുകടവ് ശങ്കരനാരായണൻ്റേയും ശ്രീജയുടേയും മകനാണ് വിനീത് എസ്. ഭാര്യ ശ്രുതി. മകൾ മിഴിമാൻവി.