വോട്ടർ ബോധവൽക്കരണ സന്ദേശവുമായി ഉജ്ജ്വല കാൻഡിൽ ലൈറ്റ് മാർച്ച്

ദേശീയ വോട്ടർ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ മൈതാനത്ത് ആയിരങ്ങളെ അണിനിരത്തി കാൻഡിൽ ലൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
‘ഫ്ലെയിംസ് ഓഫ് യൂണിറ്റി, ദ വോയ്സ് ഓഫ് ഔർ വോട്ട്’ എന്ന പ്രമേയം ആസ്പദമാക്കി ഒരുക്കിയ മാർച്ച് ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ശീതൾ ജി മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ നാഷണൽ സർവീസ് സ്കീം, എൻ എസ് എസ് ടെക്നിക്കൽ സെൽ, എൻ സി സി, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, ജില്ലാ സ്വീപ് സെൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഒരുക്കിയ മാർച്ച് മാനാഞ്ചിറ മൈതാനം വലം വെച്ച്, ടൗൺ ഹാൾ, കോംട്രസ്റ്റ് വഴി, പബ്ലിക് ലൈബ്രറിയുടെ മുന്നിലൂടെ മൈതാനത്ത് സമാപിച്ചു.

മാർച്ചിന് ശേഷം നൂറുക്കണക്കിന് ജനങ്ങളെ അണിനിരത്തി ഹ്യൂമൺ ഫോർമേഷൻ ഒരുക്കി വോട്ടർ ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് നടന്ന വോട്ടർ ബോധവത്കരണ പരിപാടി സബ് കലക്ടർ ഹർഷിൽ ആർ മീണ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെയും ഇന്ത്യ എന്ന റിപ്പബ്ലിക്കിനെയും നിലനിർത്തുന്നത് വോട്ടർമാരാണെന്ന് അദ്ദേഹം പറഞ്ഞു.

ശീതൾ ജി മോഹൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ (എൽഎ എൻഎച്ച്) ബിജു സി, ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, ജില്ലാ എൻ എസ് എസ് കോർഡിനേറ്റർ ഫാസിൽ അഹമ്മദ്, ഇലക്ടറൽ ലിറ്ററസി ക്ലബ് കോഡിനേറ്റർ ഡോ. നിജീഷ് എ എന്നിവർ സംസാരിച്ചു.

കാമ്പസസ് ഓഫ് കോഴിക്കോടിൻ്റെ കീഴിൽ നടന്ന പ്രസംഗ മത്സരം, രംഗോലി മത്സരം, ലഘുചിത്ര മത്സരം, റീൽ നിർമാണ മത്സരം എന്നിവയിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനദാനം നിർവഹിച്ചു.

സമൂഹത്തിലെ നാനാതുറകളിൽ നിന്നും ആയിരത്തിലേറെ ജനങ്ങളെ ഉൾകൊള്ളിച്ച മാർച്ചിന് പുറമെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കോളജുകളിലും വോട്ടർ ദിന പ്രതിജ്ഞ, കോളേജുകൾ പങ്കെടുക്കുന്ന ‘രംഗ് ദെ വോട്ട് ‘ എന്ന പേരിൽ ദേശീയ വോട്ടർദിന ആശയത്തിലൂന്നിയ രംഗോലി മത്സരം, കോളേജ് പരിസരങ്ങളിലെ പ്രധാന കവലകൾ കേന്ദ്രീകരിച്ച് ‘സുശക്ത ജനാധിപത്യത്തിന് പ്രബുദ്ധ വോട്ടർമാർ ‘ എന്ന പ്രമേയത്തിൽ തെരുവ് നടകങ്ങൾ, ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വോട്ടർ രജിസ്ട്രേഷൻ സർവേയും തുടർന്ന് വോട്ടർ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവുകൾ, തെരഞ്ഞെടുപ്പ് സംബന്ധിച്ച യുവജനങ്ങളുടെ അഭിപ്രായ ശേഖരണം ലക്ഷ്യമാക്കിയുള്ള ‘യുവഹിതം’ അഭിപ്രായ സർവേ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

വോട്ടർ രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കൽ, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കൽ, അരാഷ്ട്രീയ വാദങ്ങൾക്കെതിരെ ബോധവത്കരണം, യുവജനങ്ങളെ രാഷ്ട്രീയ പ്രക്രിയകളിൽ സജീവമാക്കൽ, കമ്മ്യൂണിറ്റി മാതൃകകൾ വികസിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടികൾ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!