വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് നിലവിലെ തൊഴിൽ സംസ്കാരമെന്ന് മന്ത്രി ശശീന്ദ്രൻ

കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽശേഷിക്ക് പ്രാധാന്യമുള്ളതാണ് ഇപ്പോഴത്തെ തൊഴിൽ സംസ്കാരമെന്നും പ്രായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഉപരിയായി വലിയ നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികൾ മുതലുള്ളവരുടെ അനുഭവം ഇതാണ് തെളിയിക്കുന്നതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ കാലഘട്ടത്തിൽ തൊഴിലിന്റെ സ്വഭാവ രീതികൾ മാറുകയാണ്. പരിശീലനത്തിൽ ആ വസ്തുത കൂടി പരിഗണിക്കണം. തൊഴിൽ സാധ്യതകൾ മനസ്സിലാക്കിയുള്ള പരിശീലനങ്ങൾക്ക് സർക്കാർ മുൻഗണന നൽകും. വസ്ത്രത്തിൽ അഴുക്ക് പറ്റാത്ത ജോലിയാണ് നല്ലതെന്ന ചിന്ത മാറണം. ജോലിചെയ്യാനുള്ള മനോഭാവം വളർത്തിയെടുക്കണം. ശാസ്ത്രീയ ചിന്തകൾക്ക് പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലന്വേഷകർക്ക് നൈപുണ്യ വികസനത്തിനുള്ള അവസരം നല്‍കി വിവിധ വ്യവസായ മേഖലകളിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രാപ്തമാക്കുന്നതിൻ്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

സബ് കളക്ടർ ഹർഷിൽ ആർ മീണ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി വി വിനോദ്, കോഴിക്കോട് എൻഐഇഎൽടി ഡയറക്ടർ എസ് പ്രതാപ് കുമാർ, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശിൽപ്പശാലയിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!