തിക്കോടി കല്ലകത്ത് കടപ്പുറത്ത് അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ക്ക് ദാരുണാന്ത്യം
തിക്കോടി: തിക്കോടി കല്ലകത്ത് കടപ്പുറത്ത് അഞ്ച് വിനോദസഞ്ചാരികള്‍ തിരയില്‍പ്പെട്ടു. നാല് പേര്‍ക്ക് ദാരുണാന്ത്യം. വയനാട് കല്‍പ്പറ്റ സ്വദേശികളായ അനീസ (31), വാണി (32), ബിനീഷ് (40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലെ അംഗങ്ങളും ഉടമകളുമടങ്ങിയ 22 പേരടങ്ങിയ സംഘമാണ് തിക്കോടി കല്ലകത്ത് കടപ്പുറത്ത് എത്തിയത്. കടലില്‍ ഇറങ്ങുന്നതിനിടെ പെട്ടെന്ന് അഞ്ച് പേര്‍ തിരയില്‍പ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തമ്മില്‍ നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്തി താലൂക്ക് ആശുപത്രിയിലും ഒരാളെ നന്തിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.