കേരളത്തില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം

കേരളത്തിന്റെ ഡിജിറ്റല്‍ സര്‍വേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവന്‍ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോര്‍ട്ടലിലൂടെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ സാധ്യമാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജന്‍.

ഡിജിറ്റല്‍ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളര്‍ച്ച, ഭൂമിതര്‍ക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സര്‍വ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സര്‍വേ ഉദ്യോഗസ്ഥര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2021 ല്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വേ പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സര്‍വേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറന്‍സ് സ്റ്റേഷനുകള്‍, റിയല്‍ ടൈം കൈനമാറ്റിക് സംവിധാനങ്ങള്‍, 200 റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും സോഫ്റ്റ്വെയര്‍ അധിഷ്ഠിത ഓണ്‍സൈറ്റ് ഡാറ്റാ പ്രോസസ്സിംഗ് സംവിധാനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

അതോടൊപ്പം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍വേ ഡയറക്ടറേറ്റില്‍ കേന്ദ്രീകൃത മോണിറ്ററിങ് കണ്‍ട്രോള്‍ സെന്ററുമുണ്ട്’. ആന്ധ്രപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ സര്‍വേ മോണിറ്ററിങ് സംവിധാനങ്ങള്‍ പഠിക്കാനും സ്വീകരിക്കാനും താല്പര്യം പ്രകടിപ്പിച്ചത് സന്തോഷകരമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭൂവിഭവ വകുപ്പ് ആസാം സംസ്ഥാനത്തിന് സര്‍വ്വേയുമായി ബന്ധപ്പെട്ട സഹായങ്ങളും ഐ ടി സൊലൂഷ്യനുകളും നല്കാന്‍ കേരളത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും ഭൂവിനിയോഗത്തിലും ഡിജിറ്റല്‍ സര്‍വേ മേഖലയിലുമുള്ള കേരളത്തിന്റെ നേതൃത്വം വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു

അതേസമയം കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം സംബന്ധിച്ച് റവന്യു വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. ഭൂമി വില്‍ക്കുമ്പോള്‍ത്തന്നെ നിലവിലെ ഉടമസ്ഥനില്‍നിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തില്‍ സംവിധാനവും നിലവില്‍വരും. ഭൂമിയുടെ പ്രീമ്യൂട്ടേഷന്‍ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വില്‍ക്കാനാകൂ.

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീര്‍ണ വ്യത്യാസമനുസരിച്ച് സര്‍വേ സ്‌കെച്ചിലും മാറ്റം വരുന്നതിനാല്‍ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.സര്‍വേ സ്‌കെച്ചില്‍ തണ്ടപ്പേര്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളില്‍ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതല്‍ രേഖപ്പെടുത്തും. ഇതുള്‍പ്പെടെ ഡിജിറ്റല്‍ സര്‍വേ ചെയ്ത ഭൂമിയില്‍ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങള്‍ വ്യക്തമാക്കി റവന്യു വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ നികുതി സ്വീകരിക്കുന്നത് ഡിജിറ്റല്‍ ബേസിക് ടാക്‌സ് രജിസ്റ്റര്‍ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ വില്ലേജ് ഓഫിസര്‍ രേഖകളുടെ ഒറ്റത്തവണ പരിശോധന പോര്‍ട്ടലിലൂടെ പൂര്‍ത്തിയാക്കി നികുതി രസീത് അനുവദിക്കും. ഓണ്‍ലൈനായി ലഭിക്കുന്ന നികുതി രസീതില്‍ പഴയതും പുതിയതുമായ സര്‍വേ അല്ലെങ്കില്‍ റീസര്‍വേ നമ്പറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഉടമസ്ഥനും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റുകക്ഷികള്‍ക്കും പരിശോധിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!