സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങള്‍ കൂടിയെങ്കിലും മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2023 ല്‍ 4080 ജീവനുകള്‍ നഷ്ടമായിടത്ത് കഴിഞ്ഞവര്‍ഷം 3765 ആയി കുറഞ്ഞു. 2023 ല്‍ 48,091 അപകടങ്ങളെന്നത് 2024 ല്‍ 48,878 ആയി ഉയര്‍ന്നിട്ടുണ്ടെങ്കിലും മരണനിരക്ക് കുറഞ്ഞുവെന്നതാണ് ശ്രദ്ധേയം. ഗതാഗത നിയന്ത്രണമുണ്ടായിരുന്ന കോവിഡ് ലോക്ഡൗണ്‍ കാലയളവ് ഒഴിച്ച് നിര്‍ത്തിയാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സംസ്ഥാനത്ത് വര്‍ഷം ശരാശരി 4247 ജീവനുകള്‍ വാഹനാപകടങ്ങളില്‍ നഷ്ടമാകുന്നുണ്ടായിരുന്നു.
ജനുവരി അവസാനത്തോടെ മാത്രമേ അന്തിമ റിപ്പോര്‍ട്ട് ആകുകയുള്ളൂ. ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ മരിക്കുന്നതും, പോലീസ് സ്‌റ്റേഷനില്‍ മരണം അറിയിക്കാന്‍ വൈകുന്നതും കാരണം ജനുവരി അവസാനത്തോടെയാണ് അന്തിമകണക്ക് പ്രസിദ്ധീകരിക്കാറുള്ളത്. ജീവാപായം കുറച്ചത് എ.ഐ ക്യാമറ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണെന്ന് നിഗമനത്തിലാണ് അധികൃതര്‍. ഇരുചക്രവാഹന യാത്രകരില്‍ ഹെല്‍മെറ്റ് ഉപയോഗം വ്യാപകമായതും കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന പ്രവണത വര്‍ധിച്ചതും മരണനിരക്ക് കുറയ്ക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ (309) മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. 2023 ല്‍ 392, 2022 ല്‍ 405, 2021 ല്‍ 369 എന്നിങ്ങനെയായിരുന്നു മരണം. കോവിഡ് ലോക്ഡൗണിന് മുമ്പുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ വാഹനാപകടങ്ങള്‍ കൂടുതല്‍ ജീവനുകള്‍ കവരുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണെന്ന് കാണാം. ഇന്റഗ്രേറ്റഡ് റോഡ് ആക്‌സിഡന്റ് ഡേറ്റാബേസില്‍ നിന്നും സംസ്ഥാന ക്രൈംറിക്കോര്‍ഡ് ബ്യൂറോ ശേഖരിച്ച കണക്കുകളാണിത്.
2024 ന്റെ അദ്യ പകുതിയില്‍ അപകടമരണനിരക്ക് പതിവുപോലെ ഉയര്‍ന്നിരുന്നു. ആദ്യ ആറുമാസങ്ങളില്‍ ശരാശരി 336 ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ കുറഞ്ഞു തുടങ്ങി. ശരാശരി 291 ജീവനുകളാണ് നഷ്ടം. സെപ്റ്റംബറില്‍ ഒഴികെ മരണം 300 ന് മേല്‍ കടന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് ഏപ്രില്‍ (393) മാസത്തിലാണ്. ജനുവരിയില്‍ 354 ഉം, സെപ്റ്റംബറില്‍ 345 ഉം മരണമുണ്ടായിട്ടുണ്ട്.