ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ
ടി20 പരമ്പരയിലെ ആദ്യമാച്ചില്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തീരമണഞ്ഞു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 16 പന്തില്‍ നിന്ന് 19 റണ്‍സ് കണ്ടെത്തിയ തിലക് വര്‍മയും നാല് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ ഗുസ് അറ്റ്കിന്‍സണെതിരെ 22 റണ്‍സടിച്ച സഞ്ജു സാംസണ്‍ വെടിക്കെട്ടിന് തുടക്കമിട്ടെങ്കിലും 20 പന്തില്‍ 26 റണ്‍സെടുത്തപ്പോഴേക്കും പുറത്തായി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിനും പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണെ കൂടുതല്‍ റണ്‍ അടിക്കുന്നതില്‍ നിന്ന് തടഞ്ഞു. പിന്നാലെ വന്ന ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്‌സും നാലു ഫോറും അടക്കം 22 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അതേ സമയം അഭിഷേക് ശര്‍മ്മ ജോഫ്ര ആര്‍ച്ചറുടെ ഓവറില്‍ സിക്‌സും ഫോറും കണ്ടെത്തി. സഞ്ജു-അഭിഷേക് കൂട്ടുക്കെട്ട് തകര്‍ത്തടിച്ചതോടെ ഇന്ത്യ മൂന്ന് ഓവറില്‍ 33 റണ്‍സ് എന്നതിലെത്തി. എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡിന്റെ വേഗതയാര്‍ന്ന് പന്തിന് മുന്നില്‍ സഞ്ജുവിന് അടിപതറി.