വിദേശ താരങ്ങളെ ഐഎസ്എൽ, ഐ ലീഗ് എന്നിവയിൽ മാത്രമാക്കാനുള്ള ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷൻ്റെ തീരുമാനത്തെ ചോദ്യം ചെയ്തു ക്ലബുകളും ഫാൻസും.

ഐ ലീഗ് രണ്ടാം ഡിവിഷനിൽ നിന്ന് നേരത്തെ തന്നെ വിദേശ താരങ്ങളെ  പുറത്താക്കിയ എഐഎഫ്എഫ് ഈയിടെ നടന്ന എക്സിക്യൂട്ടീവിൽ സിറ്റി, ജില്ലാ, സംസ്ഥാന ലീഗുകളിൽ നിന്നും വിദേശതാരങ്ങളെ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും സർക്കുലർ അയച്ചുകഴിഞ്ഞു. പുരുഷ ടീമുകൾക്കൊപ്പം വനിതാ ടീമുകൾക്കും നിയമം ബാധകമാണ്. ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കും എന്നതാണ് ഇതിൻ്റെ ഗുണമായി പറയുന്നത്.

ഐഎസ്എൽ, ഐ ലീഗ് ടീമുകളെ മാറ്റി നിർത്തിയാൽ തന്നെ ഇന്ത്യയിൽ 200 ലധികം വിദേശ കളിക്കാരാണ് പ്രൊഫഷനലായി വിവിധ പ്രാദേശിക ലിഗുകളിൽ ബൂട്ടണിയുന്നത്. ഗോവ പ്രൊഫഷനൽ ലീഗ്, കൊൽക്കത്ത ലീഗ്, കേരള പ്രീമിയർ ലീഗ് എന്നിവയിലെല്ലാം ടീമുകളുടെ വിജയ രഹസ്യം വിദേശ കളിക്കാർ ആയിരുന്നു. കൂടാതെ പ്രാദേശിക ലീഗിൽ കളിക്കാൻ എത്തിയ നിരവധി വിദേശ കളിക്കാർ ഇന്ത്യയുടെ പ്രമുഖ ടീമുകളിലേക്ക് ഉയർത്തപ്പെട്ടിട്ടും ഉണ്ട്.

ഫുട്ബോൾ ഒരു ഗ്ലോബൽ ഗെയിം എന്ന നിലയിൽ വിദേശ താരങ്ങളുമായി മത്സരിച്ച് പരിചയം നേടുക എന്നത് വളരെ പ്രധാനമാണ്. ലോക്കൽ ലീഗുകളിൽ തന്നെ ഈയൊരു അനുഭവം കളിക്കാർക്ക് ലഭിക്കേണ്ടതുണ്ട് എന്നും അത് തദ്ദേശീയ കളിക്കാർക്ക് മികച്ച കരിയർ കെട്ടിപ്പടുക്കാൻ ഏറെ സഹായകരമാണ് – കേരള പ്രീമിയർ ലീഗ് ക്ലബുകളിൽ ഒന്നിൻ്റെ പരിശീലകൻ വിശദീകരിക്കുന്നു.

തദ്ദേശീയ കളിക്കാർ മാത്രം പങ്കെടുക്കുന്ന അന്തർ ജില്ലാ, അന്തർ സംസ്ഥാന ( സന്തോഷ് ട്രോഫി ഉൾപ്പടെ ) ടൂർണമെൻ്റുകൾ നടക്കുന്ന ഇന്ത്യയിൽ ഇങ്ങനെ ഒരു നിയമം ആവശ്യമില്ല. പുതിയ നിയമം പ്രൊഫഷനൽ ഫുട്ബാളിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ്. കൂടാതെ പ്രാദേശിക ലീഗുകളുടെ ഗ്ലാമർ, സ്പോൺസർഷിപ്പ് എന്നിവയെയെല്ലാം ഈ നിയമം ക്രൂരമായി ബാധിക്കും – ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളിൽ ഒന്നിൻ്റെ മലയാളിയായ മാനേജർ പറഞ്ഞു.

കേരളത്തിൽ നിന്ന് പ്രത്യേകിച്ച് മലബാറിൽ നിന്ന് ദേശീയ / രാജ്യാന്തര തലത്തിൽ പേര് നേടിയ കളിക്കാർ വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ആഫ്രിക്കൻ താരങ്ങളെ സെവൻസ് ഗ്രൗണ്ടിൽ മുഖാമുഖം നിന്ന് നേടുന്ന പരിചയം കാരണമാണ് എന്നും ഗ്ലോബൽ ഗെയിം എന്ന രീതിയിൽ വേണം ഫുട്ബാൾ കളിയിൽ തീരുമാനങ്ങൾ എടുക്കാൻ എന്നും സൂപ്പർ സ്റ്റുഡിയോ അഷ്റഫ് അഭിപ്രായപ്പെട്ടു.

ടെക്നിക്ക്, പ്ലാൻ, ഭാഷ, കമ്മ്യൂണിക്കേഷൻ എന്നിവയിൽ എല്ലാം നമ്മുടെ കളിക്കാർ അല്പം എങ്കിലും  രാജ്യാന്തര നിലവാരം ആർജ്ജിക്കാൻ വിദേശ താരങ്ങൾ കാരണമായിട്ടുണ്ട്. കരിയറിൻ്റെ തുടക്കത്തിൽ തന്നെ ഈയൊരു അനുഭവം നമ്മുടെ കളിക്കാർക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!