സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ / യൂണിവേഴ്സിറ്റി സ്ഥാപനങ്ങളില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വര്‍ഷം കോഴ്സ് ഫീസ് (ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരമാവധി 20,000 രൂപ വീതവും), ഹോസ്റ്റല്‍ ഫീസ് (ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരമാവധി 10,000 രൂപ വീതവും) ഇനത്തില്‍ ചെലവാകുന്ന തുക തിരികെ നല്‍കുന്ന സിവില്‍ സര്‍വ്വീസ് ഫീ റീ ഇംമ്പേഴ്സ്മെന്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലും അതിന്റെ ഉപകേന്ദ്രങ്ങളിലും, ഇന്‍സ്റ്റിട്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യന്‍ (എല്ലാ വിഭാഗക്കാര്‍ക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതിന്റെ അസ്സല്‍ രസീതില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയുടെ മേലൊപ്പ് പതിപ്പിക്കേണ്ടതാണ്. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത്.

ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫീല്‍ഡുകള്‍ പൂര്‍ണമായി പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളില്‍ സ്ഥാപനമേധാവിയ്ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2300524, 2302090 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.


ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകള്‍ വാങ്ങുന്നതിന് സഹായം

MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും മത്സ്യസംഭരണത്തിനായി ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകള്‍ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നല്‍കുന്നു. ഒരാള്‍ക്ക് പരമാവധി രണ്ട് ബോക്‌സുകള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. അപേക്ഷ, എസ് സി/എസ് ടി സര്‍ട്ടിഫിക്കറ്റ്, മത്സ്യബന്ധന യാനത്തിന്റെ ആര്‍സി ആന്റ് ലൈസന്‍സ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ്സ് വാങ്ങിയതിന്റെ ജിഎസ്ടി ബില്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നീ രേഖകള്‍ ആവശ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായോ, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുമായോ, മത്സ്യഭവന്‍ ഓഫീസുമായോ ബന്ധപ്പെടണം.

ലാബ് ഉപകരണങ്ങള്‍ ടെണ്ടര്‍ ക്ഷണിച്ചു

കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ സര്‍വീസ് ആന്‍ഡ് മെയ്നന്റനന്‍സ് ഓഫ് ഫാം മെഷിനറി കോഴ്സിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0496-2598634, 9846116783. ഇ-മെയില്‍ ghssktdy@gmail.com.

പരാതി പരിഹാര അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ഗോത്രവര്‍ഗ കമ്മീഷന്‍, നിലവിലുളള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍ ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും, പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും. പുതിയ പരാതികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. അദാലത്തില്‍ പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി/പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും


മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 5 ,6 ക്ലാസ്സുകളില്‍ പ്രവേശനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2025-26 വര്‍ഷം 5, 6 ക്ലാസ്സുകളില്‍ പ്രവേശനം നേടാന്‍ കോഴിക്കോട് ജില്ലയില്‍ നിലവില്‍ 4, 5 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കൂടരുത്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍) വാര്‍ഷിക വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള പരീക്ഷ എഴുതണം.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 6-ാം ക്ലാസിലേക്കും മറ്റ് എംആര്‍ സ്‌കൂളുകളില്‍ 5-ാം ക്ലാസ്സിലേക്കുമാണ് പ്രവേശനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.stmrs.in ല്‍ അയയ്ക്കണം.

ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഓണ്‍ലൈനായി ചെയ്തതിന്റെ രജിസ്ട്രേഷന്‍ സ്ലിപ്പും പൂര്‍ണ്ണമായും പൂരിപ്പിച്ച അപേക്ഷയും സഹിതം കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 20 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷ ഫോമിന്റെ മാതൃക മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്നോ www.stmrs.in എന്ന സൈറ്റില്‍ നിന്നോ ലഭിക്കും. പ്രവേശന പരീക്ഷ 2025 മാര്‍ച്ച് എട്ടിന് നിശ്ചിത കേന്ദ്രത്തില്‍ നടത്തും. ഫോണ്‍: 9496070370 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി), 9744233620 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പേരാമ്പ്ര),

കെല്‍ട്രോണില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡില്‍ ഉള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെണം. ഫോണ്‍ : 0491 2504599, 8590605273.

ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി 25 ന് മുന്‍പ് സമര്‍പ്പിക്കണം
കേരള മത്സ്യവിത്ത് നിയമ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകള്‍ / ഹാച്ചറികള്‍, അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി 25 ന് മുന്‍പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മണക്കാട് പി.ഒ. കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773, 2464076 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!