എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട് ജില്ല


കോഴിക്കോട്: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടടുത്ത് കോഴിക്കോട് ജില്ല. ജില്ലയിൽ ആകെയുള്ള 27618 അയൽക്കൂട്ടങ്ങളിൽ 25917 ഉം ഹരിത അയൽക്കൂട്ടങ്ങളായി മാറി-93.84 %.
ഈ മാസം 26 നുള്ളിൽ തന്നെ 100 ശതമാനം ഹരിത അയൽക്കൂട്ടം എന്ന നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബ്ലോക്ക് തലത്തിൽ കൊടുവള്ളി ബ്ലോക്ക് ഹരിത അയൽക്കൂട്ടങ്ങളുടെ കാര്യത്തിൽ 100% നേട്ടം കൈവരിച്ചു. കുന്നുമ്മൽ ബ്ലോക്ക് 99.78 ശതമാനവും ബാലുശ്ശേരി 99.67 % ശതമാനവും കൈവരിച്ചു. വടകര-99.65 %, തൂണേരി-98.66 %, കോഴിക്കോട്-96.95 %, കുന്ദമംഗലം-95.94 %, പന്തലായനി-93.49 %, തോടന്നൂർ-91.76 %, പേരാമ്പ്ര-89.80 %, ചേളന്നൂർ-78.15 % എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളുടെ നേട്ടം. മേലടി ബ്ലോക്ക് ആണ് പിന്നിൽ-24.19 ശതമാനം.
നഗരപ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ കണക്കെടുത്താൽ മുക്കം, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ 100 % നേട്ടം കൈവരിച്ചു.
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ജില്ലാ നിർവഹണ സമിതി തിങ്കളാഴ്ച്ച യോഗം ചേർന്ന് അവലോകനം നടത്തി.
നീർച്ചാലുകൾ വീണ്ടെടുക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി ജില്ലയിൽ 17 തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തു. ഇതുവരെ 14.9 കിലോമീറ്റർ
നീർച്ചാൽ ശുചീകരിച്ചു. ജില്ലയിൽ മൂന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടി പുതുതായി ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. മാനാഞ്ചിറ, പ്ലാനറ്റേറിയം, ആർട്ട് ഗ്യാലറി എന്നിവയാണ് ഇവ. ഇതോടെ ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളുടെ എണ്ണം 11 ആയി.
ഹരിതസുന്ദര ടൗണുകളുടെ എണ്ണം 94 ആയി ഉയർന്നു. 59 കലാലയങ്ങൾ ഹരിതകലാലയമായി. ജില്ലയിൽ ആകെയുള്ള 1475 സ്കൂളുകളിൽ 976 എണ്ണം ഹരിത വിദ്യാലയങ്ങൾ ആയി മാറി. ഇതിൽ മേലടി, വടകര ബ്ലോക്കുകൾ 100% നേട്ടം കൈവരിച്ചു.
ജില്ലയിലെ ഹരിത സ്ഥാപനങ്ങൾ 2568 ആയി വർധിച്ചു. ഇതിൽ കുന്നുമ്മൽ, കോഴിക്കോട്, മേലടി ബ്ലോക്കുകളാണ് മുന്നിൽ. പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ എന്ന വിഭാഗത്തിൽ 666 ഇടങ്ങളിൽ സൗന്ദര്യവൽക്കരണം നടത്തി പ്രഖ്യാപനം നടത്തി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, രാമനാട്ടുകര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി കെ അബ്ദുൽ ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം റസിയ തോട്ടായി, ഹുസൂർ ശിരസ്ത്ദാർ സി പി മണി, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, ഡിഡിഇ സി മനോജ് കുമാർ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സുധീഷ് സി പി,
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






