ടൂറിസം വകുപ്പിൻ്റെ ബിസിനസ് ടു ബിസിനസ് മീറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു


കേരളത്തിൽ ദേശീയപാതയുടെ നിർമ്മാണം 2025 ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതിയുടെ വിപുലമായ രൂപരേഖ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. വകുപ്പിൻ്റെ നിരന്തരമായ ഇടപെടലിലൂടെ പദ്ധതിക്ക് 100 കോടി രൂപ കേന്ദ്രം അനുവദിച്ചതായും മന്ത്രി പറഞ്ഞു. മലബാർ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റാവിസ് കടവിൽ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഇന്ധനമാകണം മർബാർ ടൂറിസം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് ബിടുബി മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെയെത്തുന്ന വിനോദസഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് മലബാർ മേഖലയിലേക്ക് എത്തുന്നതെന്നാണ് 2021 ലെ കണക്ക് കാണിച്ചത്. ഈ സ്ഥിതിയിൽ മാറ്റം വരുത്തുകയായിരുന്നു വിനോദസഞ്ചാര വകുപ്പിന് മുന്നിലുള്ള ആദ്യ ദൗത്യമെന്നും മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷനുകൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ടൂറിസ്റ്റുകൾക്ക് താമസ സൗകര്യമുൾപ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനവും അവർക്ക് സുഖമമായി എത്തിച്ചേരുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. സർക്കാർ, സ്വകാര്യ, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികൾ ഇതിനായി രൂപപ്പെടുത്തി. ഹോട്ടൽ വ്യവസായ ശൃംഖലയ്ക്ക് തടസ്സമാകുന്ന ചില പ്രതിസന്ധികൾ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പരിഹരിക്കാനായത് കാര്യങ്ങൾ വേഗത്തിലാക്കിയതായും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കാസർകോഡ് ഉദുമ പഞ്ചായത്തിൽ മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. ഇത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരായ യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. റെസ്റ്റ് ഹൗസുകളിൽ 2021-ൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചത് മുതൽ ഇന്നുവരെ സംസ്ഥാനത്തെ153 റെസ്റ്റ് ഹൗസുകളിൽ നിന്നായി 23 കോടിയുടെ അധിക ലാഭമാണ് സർക്കാരിനുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാരികൾ വന്ന് താമസിക്കുന്നത് നാടിനെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിയിൽ എത്തിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ പൊതു -സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023- ൽ സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റി (ടിം) ൻ്റെ ഭാഗമായി കൈകൊണ്ട നടപടികളുടെ ഫലം ഈ വർഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിമ്മിലൂടെ കൈക്കൊണ്ട നടപടികൾ 2030ഓടെ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ കുതിപ്പിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു
മലബാറിൻ്റെ മുഖച്ഛായ മാറ്റാൻ ദേശീയപാത 66 കാരണമാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അതിവേഗത്തിലാണ് ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്. 2025 ഡിസംബറോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റർ ആറുവരി നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളിലുടെ കടന്നുപോകുന്ന 600 കിലോമീറ്റർ ദൂരത്തിലുള്ള തീരദേശ ഹൈവേ 50 കിലോമീറ്റർ ഇടവിട്ട് കംഫർട്ട് സ്റ്റേഷനോടെയാണ് പണിയുന്നത്. റോഡിൻ്റെ ഡിസൈൻ തന്നെ അത്തരത്തിലാണ്. 13 ജില്ലകളിലൂടെ കടന്നുപോകുന്ന1200 കിലോമീറ്റർ മലയോര ഹൈവേ കേരളത്തിൻ്റെ ടൂറിസം, കാർഷിക വികസന മേഖലകൾക്ക് ശക്തി പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ കളക്ടർ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. ഒഡേപെക് ചെയർമാൻ അഡ്വ. കെ പി അനിൽകുമാർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഐൽ ചെയർമാൻ എസ് കെ സജീഷ്, ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി ഡി ജഗദീഷ്, ബിആർഡിസി എം ഡി ഷിജിൻ പറമ്പത്ത്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എപിഎസ് പ്രസിഡൻറ് സജീവ് കുറുപ്പ്, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽദാസ്, റാവിസ് കടവ് ക്ലസ്റ്റർ ജനറൽ മാനേജർ ബിജു പാലറ്റ്, എന്റർടൈൻമെന്റ് ആൻഡ് ഇവൻ്റ് മാനേജ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വിദ്യാസാഗർ പിംഗലായ്, അസോസിയേഷൻ ഓഫ് ഡൊമസ്റ്റിക് ടൂർ ഓപ്പറേറ്റർസ് ഓഫ് ഇന്ത്യ പ്രസിഡൻ്റ് പി പി ഖന്ന, മെട്രോ എക്സ്പെഡിഷൻ മാനേജിംഗ് എഡിറ്റർ ആൻഡ് ഡയറക്ടർ സിജി നായർ, ഒമാനിൽ നിന്നുള്ള സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറായ മുഹമ്മദ് അൽ ബാലുഷി തുടങ്ങിയവർ സംബന്ധിച്ചു.
ടൂറിസം വകുപ്പ് മലബാർ മേഖലയിൽ സംഘടിപ്പിക്കുന്ന ആദ്യ ബിടുബി
മലബാർ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ആദ്യ ബിടുബി മീറ്റാണ് കോഴിക്കോട് നടന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, പ്രാദേശിക സേവനദാതാക്കൾ, വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 800 ഓളം പേരാണ് മീറ്റിൽ പങ്കെടുത്തത്. മലബാർ മേഖലയുമായി ബന്ധപ്പെട്ട പുതിയ ടൂറിസം സർക്യൂട്ടുകൾ രൂപപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ മീറ്റിൽ ഉടലെടുത്തു. മൂന്ന് വിഷയങ്ങളിലായി നടന്ന സെമിനാറിലെ ചർച്ചകളിൽ 30ഓളം വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
മലബാറിന്റെ പാരമ്പര്യം, ഐതിഹ്യം, സാഹസിക വിനോദങ്ങൾ, ഭക്ഷണം, കല, പ്രാദേശികമായ തനത് മനോഹാരിതകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന സ്റ്റോളുകളും മീറ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെട്രോ എക്സ്പെഡിഷൻ്റെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്. മലബാർ കേന്ദ്രീകരിച്ച് എല്ലാവർഷവും ബി ടു ബി മീറ്റ് സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.






