എസ്എംഎ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംഗമം നടത്തി


കോഴിക്കോട്: സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും സംസ്ഥാനതല കുടുംബ സംഗമവും ശില്പശാലയും കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നിള ഹാളിൽ സംഘടിപ്പിച്ചു.
തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് എസ്എംഎ ബാധിച്ച കുട്ടികൾക്കുള്ള പുനരധിവാസത്തെക്കുറിച്ച് ഡോ. റീബ മേരി മണി (പ്രൊഫസർ, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വകുപ്പ്, കോഴിക്കോട് മെഡിക്കൽ കോളേജ്) ക്ലാസെടുത്തു. തുടർന്ന് മാതാപിതാക്കളുടെ സംശയങ്ങൾക്ക് ശിശു രോഗ വിഭാഗം, ന്യൂറോളജി, പൾമനോളജി, ഓർത്തോപിടിക്സ്, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ എന്നി വിഭാഗം ഡോക്ടർമാർ മറുപടി പറഞ്ഞു.
രക്ഷിതാക്കൾക്കായുള്ള ഹാൻഡ്സ് ഓൺ തെറാപ്പി സെഷനും രക്ഷിതാക്കൾക്ക് കൂടുതൽ അറിവ് നൽകുന്നതിനായി ലഘുലേഖയും വിതരണം ചെയ്തു.
കേരള യുണൈറ്റഡ് എഗേൻസ്റ്റ് റെയർ ഡിസീസ് (KARE) എന്ന അപൂർവ്വ രോഗങ്ങൾക്കായുള്ള സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൂറോളം കുട്ടികൾക്ക് സൗജന്യമായി തുടർച്ചയായി ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ നൽകുന്നത്.
പരിപാടിയിൽ 50 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. ‘പ്രതീക്ഷയുടെ നിറങ്ങൾ’ എന്ന പേരിൽ എസ്എംഎ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. കുട്ടികൾ വരച്ച ചിത്രങ്ങൾ ഉൾക്കൊള്ളിച്ച കലണ്ടർ പ്രകാശനം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കെ ജി സജീത് കുമാർ നിർവഹിച്ചു. ഡോ. കെ ശ്രീജിത്ത് (ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വകുപ്പ് മേധാവി, കോഴിക്കോട് മെഡിക്കൽ കോളേജ്), എൻ രാജേന്ദ്രൻ (ജില്ലാ മെഡിക്കൽ ഓഫീസർ), എ അരുൺകുമാർ (കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ), ഡോ. അഷ്റഫ് ടിപി (പീഡിയാട്രിക് വകുപ്പ്, മഞ്ചേരി മെഡിക്കൽ കോളേജ്), ശ്രീ അജീഷ്, (ഡിഇഐസി മാനേജർ ദേശീയ ആരോഗ്യ ദൗത്യം) എന്നിവർ പങ്കെടുത്തു.






