യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാതല ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു


സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ജാഗ്രതാസഭ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു മുന്നോടിയായി നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വിദ്യാര്‍ഥി-യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍സിസി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന പദ്ധതികളുടെ ആസൂത്രണം, ലഹരി ഉപയോഗത്തില്‍ നിന്നും യുവതയെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
യുവജന കമ്മീഷന്‍ അംഗം പി സി ഷൈജു അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗങ്ങളായ കെ പി ഷജീറ, പി പി രണ്‍ദീപ്, സംസ്ഥാന കോഡിനേറ്റര്‍മാരായ അഡ്വ. എം രണ്‍ദീഷ്, അഡ്വ. രാഹുല്‍ രാജ്, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ദീപു പ്രേംനാഥ്, യുവജന ക്ഷേമ ബോര്‍ഡ് പ്രോഗ്രാം ഓഫീസര്‍ വിനോദ്, ജില്ലാ കോഡിനേറ്റര്‍മാരായ ടി അതുല്‍, ടി എസ് വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു.





