കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി പുരുഷോത്തമന്‍ തുടരും, വിദേശ താരങ്ങള്‍ ടീമിനൊപ്പം
കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി ഈ സീസണ്‍ മുഴുവന്‍ തുടരാന്‍ താല്‍ക്കാലിക കോച്ച് ആയിരുന്ന പുരുഷോത്തമനെ മാനേജ്‌മെന്റ് അനുവദിക്കുമെന്ന് വിവരങ്ങള്‍. സ്വീഡിഷ് കോച്ച് മിഖേല്‍ സ്റ്റാറേയുടെ കീഴില്‍ ടീം പരിശീലിപ്പിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ നേട്ടം പുരുഷോത്തമന് കീഴില്‍ ടീം ഉണ്ടാക്കിയതോടെയാണ് ഈ സീസണില്‍ മുഴുവന്‍ തുടരാന്‍ പുരുഷോത്തമനെ അനുവദിക്കാന്‍ കാരണമായിരിക്കുന്നത്.
മിഖേല്‍ സ്റ്റാറോയുടെ കീഴില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത് പന്ത്രണ്ട് മത്സരങ്ങളായിരുന്നു. ഇതില്‍ മൂന്ന് കളികള്‍ വിജയിച്ചതടക്കം ആകെ നേടാനായത് പതിനൊന്ന് പോയിന്റായിരുന്നു. എന്നാല്‍ മലയാളിയായ പുരുഷോത്തമന്റെ കീഴില്‍ ഇതുവരെ കളിച്ചത് നാലുമത്സരങ്ങളാണ്. മൂന്നിലും ജയിച്ച് നേടിയത് ഒന്‍പത് പോയിന്റുകളാണ്. മികവില്‍ മുന്നിലെത്തിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് പുരുഷോത്തമനെ ഈ സീസണില്‍ മുഴുവന്‍ കോച്ചായി തുടരാന്‍ അനുവദിച്ചത്.
ഒഡിഷ എഫ്. സി. യുടെ കോച്ച് സെര്‍ജിയോ ലൊബേറോ അടക്കമുള്ളവരുടെ പേര് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഇനി അത്തരം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍.
മോണ്ടിനെഗ്രോ താരം ദുസാന്‍ ലഗാത്തോറിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയാണ്. ദുസാന്‍ ടീമിനൊപ്പം ചേര്‍ന്നട്ടുണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന വിവരമാണ് വരുന്നത്.