കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനവും കൗണ്‍സില്‍ മീറ്റിംഗും കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനവും കൗൺസിൽ മീറ്റിംഗും കൈരളി ഓഡിറ്റോറിയത്തിൽ ആർ. പി. രവീന്ദ്രൻ നഗറിൽ കൊയിലാണ്ടി നഗരസഭാ ഉപാധ്യക്ഷൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ നാനാ ഭാഗത്തും ഉള്ള 160 യൂണിറ്റ് കളിൽ നിന്നും എഴുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഇ. കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ചാത്തു മാസ്റ്റർ, കെ. രാധാകൃഷ്ണൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി. ബാലൻ കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ സംഘടനയിൽ 25 വർഷത്തിലേറെക്കാലം സേവനം അനുഷ്ഠിച്ച പൂതേരി ദാമോദരൻ നായർ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഉണ്ണീരിക്കുട്ടി കുറുപ്പ്, മുൻ ജില്ലാ കമ്മിറ്റി അംഗം എൻ. കെ. കുഞ്ഞിച്ചെക്കിണി എന്നിവരെ സംഘടനയുടെ മുതിർന്ന നേതാവ് എം. കെ. സത്യപാലൻ മാസ്റ്റർ ആദരിച്ചു.
കേരളത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവകാശപ്പെട്ട ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക. നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോധികർക്കുള്ള ക്ഷേമ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. ക്ഷേമ പെൻഷൻ മാസാന്തം കുടിശ്ശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു. നേരത്തെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആവേശകരമായ പ്രകടനം നടന്നു. വയോജനങ്ങൾ ആവേശകരമായ മുദ്രാവാക്യങ്ങൾ വിളിച്ചു സ്റ്റേഡിയത്തിന് മുന്നിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയതാണ് പ്രകടനം നടത്തിയത്. ഇടവേളയ്ക്ക് വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.




