സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തു

റിയാദ് : സൗദി സന്ദർശനത്തിന് പിന്നാലെ ലയണൽ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചക്കാലത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് മെസിക്ക് ക്ലബ്ബിനൊപ്പം കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. കൂടാതെ ഈ കാലയളവിൽ മെസിക്ക് തന്റെ പ്രതിഫലവും ലഭിക്കില്ലെന്ന് ആർഎംസി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. മെയ് 13ന് നടക്കുന്ന മത്സരത്തിലും മെസിയ്ക്ക് കളിയ്ക്കാൻ സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനെത്താത്തതാണ് പിഎസ്ജി മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സൗദി ടൂറിസം അംബാസിഡർ എന്ന നിലയിലാണ് മെസിയും കുടുംബവും സൗദി സന്ദർശിച്ചത്.

ഒരു വർഷം മുമ്പുള്ള സന്ദർശനത്തിൽ മെസി ജിദ്ദയിലെ പുരാതന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സൗദിയിലേയ്ക്ക്‌ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെസി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. ‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്? സാധിക്കുമ്പോഴെല്ലാം അതിന്റെ അപ്രതീക്ഷിത അദ്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു’എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!