പി ടോക്ക്, ജില്ല പഞ്ചായത്തിന്റെ യൂട്യൂബ് ചാനല്‍ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ യൂട്യൂബ് ചാനല്‍ ‘പിടോക്ക്’ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. യൂട്യൂബ് ചാനല്‍ സംരംഭവുമായി മുന്നോട്ടുവരുന്ന സംസ്ഥാനത്തെ ആദ്യ ജില്ല പഞ്ചായത്താണ് കോഴിക്കോടെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്തിന്റെ വികസന ക്ഷേമ കാര്യങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിച്ച് ജനസേവനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്തിന് ജനങ്ങളുമായി സംവദിക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ ജനാഭിപ്രായം തേടാനുമുള്ള ശക്തമായ വേദിയായി ചാനലിനെ മാറ്റും. പിടോക്ക് ഫെബ്രുവരിയോടെ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ജില്ല പഞ്ചായത്ത് വെര്‍ച്വല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി പി ജമീല, സി വി എം നജ്മ, അംബിക മംഗലത്ത്, കെ വി റീന, കെ സുരേഷ് മാസ്റ്റര്‍, പി സുരേന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ല യുവജനക്ഷേമ ഓഫീസര്‍ പി വിനോദ്, സാക്ഷരത മിഷന്‍ ജില്ല കോഡിനേറ്റര്‍ ശാസ്തപ്രസാദ്, സീനിയര്‍ സൂപ്രണ്ട് വി അബ്ദുള്‍ നാസര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോം ആരംഭിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ ഒരുക്കുന്നത്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചയത്തുകളിലെയും വികസന വിശേഷങ്ങള്‍ ചാനലിലൂടെ അറിയാനാകും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ക്ഷേമം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചാനലിലൂടെ നല്‍കി വലിയ വിഭാഗം ജനങ്ങളിലേക്കെത്തുകയാണ് ലക്ഷ്യം. പി കെ സുഭീഷാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!