ഓളപ്പരപ്പിനെ കീറിമുറിച്ച് വള്ളംകളി മത്സരം


ബേപ്പൂര്‍ ബ്രേക്ക് വാട്ടറിൽ ഞായറാഴ്ച നടന്ന നാടന്‍ വള്ളംകളി മത്സരം കാണികളുടെ മനം കവര്‍ന്നു.
കളിയോടപ്പെരുമയിൽ ആര്‍പ്പുവിളികളും മനക്കരുത്തും കൊണ്ടാണ് വള്ളക്കാർ തുഴഞ്ഞത്.
ഓളപ്പരപ്പിൽ കയ്യ് മെയ്യ് മറന്ന് പോരാടാൻ ഒന്‍പതു ടീമുകൾ റെഡിയായി. 300 മീറ്റർ ചുറ്റളവിലാണ് മത്സരം സംഘടിപ്പിച്ചത്. ഒരോ ടീമിലുമായി 12 ആളുകള്‍ വീതം മത്സരിച്ചു.
മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാരാണ് മത്സരത്തില്‍ പങ്കെടുത്തത്.
ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചാണ് എല്ലാ ടീമുകളും മടങ്ങിയത്. തിങ്ങിനിറഞ്ഞ കാണികളുടെ പ്രോത്സാഹനവും ആര്‍പ്പുവിളികളും കരഘോഷവും വള്ളംകളി മത്സരത്തിന്റെ മാറ്റ് കൂട്ടി. കാണികളെ നിയന്ത്രിക്കാന്‍ പോലീസ് സഹായവും ഉണ്ടായിരുന്നു.
കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് നാടൻ വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.




