മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചു; മന്ത്രി കെ രാജന്‍
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചെന്ന് കേരളം. 153 ദിവസത്തിന് ശേഷമാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിക്കുന്നത്. ദുരന്തബാധിതരുടെ കടം എഴുതിതള്ളുന്നത് അടക്കം കേരളത്തിന്റെ മറ്റ് ആവശ്യങ്ങളില്‍ ഇതുവരെ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്നും റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.
ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്. തീരുമാനമെടുക്കാന്‍ എന്താണിത്ര വൈകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. ഐഎംസിടി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുത്തു. ആ റിപ്പോര്‍ട്ട് രണ്ട് മാസക്കാലം ആഭ്യന്തര മന്ത്രാലയത്തിന്റെ കസ്റ്റഡിയിലിരുന്നു. അതിനു ശേഷം എച്ച്എല്‍സി കൂടാനുള്ള മഹാനുഭാവത്വം ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ അത് കൂടിയാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ അറിയിക്കണ്ടേ? 28ാം തിയതി വീണ്ടും വീണ്ടും കൊടുത്ത കത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് മാസത്തിന് ശേഷം ഇന്നലെയാണ് അതിതീവ്ര ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത്. ഇതൊരു രണ്ട് മാസത്തിനുള്ളിലായിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണമുണ്ടായേനെ – മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് ആഭ്യന്തരമന്ത്രാലയം അയച്ച കത്തിലാണ് അതിതീവ്ര ദുരന്തമായി അംഗീകരിച്ചെന്ന് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.