കിരീടനേട്ടം സ്വന്തമാക്കാനിറങ്ങുന്ന കേരളത്തിനു ബംഗാൾ ഉയർത്തുന്ന വെല്ലുവിളി ചെറുതായിരിക്കില്ല. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ഫൈനൽ പോരാട്ടം.
ദേശീയ ചാമ്പ്യൻഷിപ്പിൽ മറ്റാർക്കും സാധ്യമാകാത്ത കുത്തകയാണ് ബംഗാളിന്റേത്. 32 തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
ഇക്കുറി 47–-ാം ഫൈനലാണ് അവർ ഇറങ്ങുന്നത്. കിട്ടുന്ന അവസരങ്ങൾ പാഴാക്കാത്ത മുന്നേറ്റനിരയാണ് ബംഗാളിന്റെ ശക്തി. 2017 നു ശേഷം കരീടം സ്വന്തമാക്കാൻ ബംഗാളിനു സാധിച്ചിട്ടില്ല.
ടർഫ് ഗ്രൗണ്ടിൽനിന്ന് സ്വാഭാവിക പുൽമൈതാനത്തേക്ക് കളി മാറിയതും കാലാവസ്ഥയും കേരളത്തിന് അനുകൂലമാണ്. പകരക്കാരായെത്തുന്ന താരങ്ങൾ മികച്ച പ്രകടനത്തോടെ കളിപിടിക്കുന്നത് ആവേശകരം.
ക്വാർട്ടറിൽ വിജയഗോളിന് അവസരമൊരുക്കിയ വി അർജുനും സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും ഉദാഹരണം. പ്രതിരോധനിരയിൽ മനോജിന് കളിക്കാനാകാത്തതും നിജോ ഗിൽബർട്ടിന്റെ പരിക്കും ആശങ്കയാണ്.



