വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേ സംരക്ഷണ സേനയും കേരള പൊലീസും.
തിരൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേ സംരക്ഷണ സേനയും കേരള പൊലീസും. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനിപ്പടിയിൽ വെച്ചാണ് ട്രെയിനിന് നേരെ ആക്രമണം നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ യാത്രക്കാരനിൽ നിന്ന് ലഭിച്ച വിഡിയോയിൽ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലമായതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് റെയിൽവേ അധികൃതർ ട്രെയിൻ പരിശോധിക്കുകയും പൊട്ടലുണ്ടായ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച ശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ സുരക്ഷാസേനയും തിരൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


