വേരുകളുള്ള മനുഷ്യർ ഉണ്ടാകുന്നതാണ് കോഴിക്കോടിന്റെ വികസനമെന്ന് മേയർ

റോഡുകളും കെട്ടിടങ്ങളും മാത്രമല്ല വേരുകളുള്ള മനുഷ്യരും വസിക്കുന്ന നഗരമായി മാറുന്നതാണ് കോഴിക്കോടിന്റെ വികസനമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്.

“വേരുകളുള്ള മനുഷ്യർ പാർക്കുന്ന നഗരമേ സംസ്കാരമുള്ള നഗരമായി മാറുകയുള്ളൂ. എല്ലാം ദാനം ചെയ്യുന്നതാണ് കോഴിക്കോടിന്റെ പ്രത്യേകത. അതിനാൽ തന്നെ കോഴിക്കോട്ട് ഇല്ലായ്മ കുറവാണ്. വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാനും ഗൾഫിൽ ജോലി ശരിയാക്കി കൊടുക്കാനുമൊക്കെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കും,” ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ‘ആഘോഷങ്ങളുടെ കോഴിക്കോട്’ എന്ന തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു മേയർ.

ഇന്ന് യുനെസ്കോ സാഹിത്യനഗരി പദവി ലഭിച്ച നഗരമാണ് കോഴിക്കോട്. ഒട്ടേറെ പുസ്തകശാലകളുടെ കേന്ദ്രം. കോലായ പോലുള്ള സാഹിത്യകൂട്ടായ്മകളെ വളർത്തിയ കച്ചവടക്കാരാണ് ഈ നാട്ടിലുള്ളത്, മേയർ പറഞ്ഞു.

എല്ലാ തരം സിനിമകളുടേയും വലിയ ചരിത്രം കോഴിക്കോടിന് ഉണ്ടെന്ന്
മാധ്യമപ്രവർത്തകനും ഡോക്യുമെൻററി സംവിധായകനുമായ പ്രേംചന്ദ് നിരീക്ഷിച്ചു.
കേരളത്തിന് ഒരു ചലച്ചിത്രോത്സവ സംസ്കാരം പകരുന്നതിന് കോഴിക്കോട് വഹിച്ച പങ്കു വലുതാണ്. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചലച്ചിത്രോത്സവം 1980 ൽ ചെലവൂർ വേണുവിന്റെ നേതൃത്വത്തിൽ നടന്നത് കോഴിക്കോടാണ്. 14 ദിവസം നീണ്ട ആ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത് പുഷ്പ തിയ്യറ്ററിൽ ആയിരുന്നു. അതിനുശേഷമാണ് കേരളത്തിൽ വലുതും ചെറുതുമായ ചലച്ചിത്രോത്സവം സാധ്യമാണ് എന്ന ബോധത്തിലേക്ക് നാം നടന്നടുത്തത്, പ്രേംചന്ദ് വിശദീകരിച്ചു.

ആഗോള വിനോദസഞ്ചാര രംഗത്ത് സമാധാന പ്രദേശങ്ങൾക്ക് പ്രിയം കൂടിവരികയാണെന്നും യുദ്ധമോ സംഘർഷമോ വൈരമോ ഇല്ലാത്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനാണ്
ഡിമാൻഡ് എന്നും അത്തരമൊരു സന്ദർഭത്തിൽ ലോകത്തിനുമുന്നിൽ മികച്ച ദേശമാണ് കേരളമെന്നും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെകെഐഎല്‍) ചെയർമാൻ എസ് കെ സജീഷ് ചൂണ്ടിക്കാട്ടി. മരുഭൂമി ഒഴികെ എന്താണ് കേരളത്തിൽ ഇല്ലാത്തത്. കോഴിക്കോട്ടെ കരിയാത്തൻപാറയെ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. വയലടയെ കേരളത്തിന്റെ ഊട്ടി എന്നും വിളിക്കുന്നു. ഇത്തരത്തിൽ വിഭിന്നമായ ഭൂ പ്രകൃതിയാൽ അനുഗ്രഹിക്കപ്പെട്ട നാടാണ് നമ്മുടേത്.

സ്പോർട്സ് ജേർണലിസ്റ്റ് കമാൽ വരദൂർ, മാധ്യമപ്രവർത്തകനായ ഡി കെ രാജേഷ് കുമാർ, ബേപ്പൂർ വാട്ടർ ഫെസ്റ്റ് സാംസ്കാരിക കമ്മിറ്റി ചെയർമാൻ കെ സജീവ് കുമാർ എന്നിവരും സംവാദത്തിൽ പങ്കെടുത്തു സംസാരിച്ചു. എ കെ അബ്ദുൽ ഹക്കീം മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!