കേരളോത്സവം 2024: കായിക മത്സരങ്ങള്‍ക്ക് തുടക്കം, മത്സരങ്ങൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2024 കായിക മത്സരങ്ങള്‍ മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ടില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പിഎ മുഹമ്മദ് റിയാസ് ജാവലിൻ എറിഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു.
യുവജനങ്ങളുടെ വ്യത്യസ്ത മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള വലിയ പദ്ധതിയാണ് കേരളോത്സവമെന്ന് മന്ത്രി പറഞ്ഞു. കല, കായിക, സാംസ്കാരിക മത്സരങ്ങളിൽ ആയിരക്കണക്കിന് യുവജനങ്ങളാണ് കേരളോത്സവത്തിൻ്റെ ഭാഗമാകുന്നത്. വിജയികൾക്ക് ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാനാകും. യുവജനങ്ങളുടെ ശക്തമായ പ്രാതിനിധ്യമുള്ള പ്രാദേശിക ക്ലബ്ബുകളെയും മത്സരത്തിൽ പങ്കെടുപ്പിക്കാനാകുന്നത് കേരളോത്സവത്തിൻ്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി ഗവാസ്, അംഗങ്ങളായ എം ധനീഷ്ലാൽ പി സി ഷൈജു, സംസ്ഥാന യുവജനക്ഷോർമ്മ ബോർഡ് അംഗം ദിപു പ്രേംനാഥ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പുത്തിയിൽ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ടി കെ സുമേഷ്, ഫിനാൻസ് ഓഫീസർ കെ അബ്ദുൽ മുനീർ തുടങ്ങിയവർ പങ്കെടുത്തു.




