കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച ദീപാരാധനക്ക് ശേഷം നടന്ന കൊടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ സമർപ്പണം നടന്നു.
ഡിസംബര്‍ 23 ന് തിങ്കളാഴ്ച സരിഗമ മ്യൂസിക്ക് കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, 24 ന് ആദര സദസ്സ്, രാത്രി അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്, 25 ന് സ്നേഹതീരം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന കോൽക്കളി ഫ്യൂഷൻ, നേർമൊഴി കോഴിക്കോട് അവതരിപ്പിക്കുന്ന നാട്ടുസംഗീതിക, 26 ന് നടരാജ നൃത്തവിദ്യാലയം കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പാണ്ടിമേളത്തോടെ പള്ളിവേട്ട, 27 ന് കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.