പൈതൃക ടൂറിസത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും അത് പുതുതലമുറകള്‍ക്ക് കൈമാറുന്നതിനും ഏറെ സഹായകമാകുന്ന പൈതൃക ടൂറിസം നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് സിഎസ്‌ഐ ചര്‍ച്ചും പട്ടാളപ്പള്ളിയും ദീപാലംകൃതമാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും സാംസ്‌കാരിക ധാരണ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും പൈതൃക ടൂറിസം പ്രധാന പങ്കാണ് വഹിക്കുന്നത്. സാംസ്‌ക്കാരിക- പൈതൃക കേന്ദ്രങ്ങള്‍, സ്മാരകങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിലും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലും പൈതൃക ടൂറിസം സഹായിക്കും. പൈതൃക ടൂറിസം സാംസ്‌ക്കാരിക മേഖലയെ കുറിച്ചും ചരിത്രത്തെ കുറിച്ചുമുള്ള അവബോധം സമൂഹത്തില്‍ വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നഗരഹൃദയത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങള്‍ക്ക് കരുത്തുപകര്‍ന്ന സിഎസ്‌ഐ ചര്‍ച്ചും പട്ടാളപ്പള്ളിയും ഫസാഡ് ലൈറ്റിംഗ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദീപാലംകൃതമാക്കിയത് എന്തുകൊണ്ടും ആഹ്ലാദകരമാണെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാഴ്ചയായിരിക്കും ഇത് നല്‍കുക. സാഹിത്യ നഗരമെന്ന അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോടിന് ലഭിച്ച ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും.
ഈ രണ്ട് ദേവാലയങ്ങള്‍ക്കു പുറമെ, സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായ തളിക്ഷേത്രത്തില്‍ ഫസാഡ് ലൈറ്റിംഗ് പദ്ധതി നടപ്പിലാക്കാന്‍ 91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഡിസംബര്‍ 22ന് മാനാഞ്ചിറയെ ദീപാലംകൃതമാക്കുന്ന പരിപാടി നടക്കുമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, മാനാഞ്ചിറയില്‍ നിന്ന് വെള്ളിമാടുകുന്ന് വരെയുള്ള റോഡിലെ ആദ്യത്തെ അഞ്ചര കിലോമീറ്റര്‍ 24 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കി നഗരത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും രാത്രികാല ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന 4.46 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ് സിഎസ്‌ഐ പള്ളിയിലും പട്ടാളപ്പള്ളിയിലും ഫസാഡ് ലൈറ്റിങ് സംരംഭം നടപ്പിലാക്കിയത്. പട്ടാളപ്പള്ളി, സി.എസ്.ഐ. ചര്‍ച്ച്, കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളി, കോഴിക്കോട് ബീച്ചിലെ ലൈറ്റ് ഹൗസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ടൗണ്‍ ഹാള്‍, ഓള്‍ഡ് കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് എന്നിവ ദീപാലംകൃതമാക്കുന്നതിനാണ് നിലവില്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ചിരപുരാതന ക്ഷേത്രങ്ങളായ തളി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നിവയുടെ ഫസാഡ് ലൈറ്റിംഗിന് പദ്ധതി തയ്യാറാക്കി ഭരണാനുമതിയ്ക്കായി കാത്തിരിക്കുകയാണ്. ഇതില്‍ ആദ്യഘട്ടത്തില്‍ പട്ടാളപ്പള്ളി സി.എസ്.ഐ ചര്‍ച്ച്, കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളി എന്നീ പൈതൃകനിര്‍മ്മിതികളാണ് ദിപാലംകൃതമാക്കി മോടി പിടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, കൗണ്‍സിലര്‍ പി കെ നാസര്‍, സിഎസ്‌ഐ കത്തീഡ്രല്‍ മലബാര്‍ മഹാഇടവക വൈദിക സെക്രട്ടറി റവ. ഫാദര്‍ ജേക്കബ് ഡാനിയല്‍, പട്ടാളപ്പള്ളി ജോ. സെക്രട്ടറി എ വി നൗഷാദ്, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുറ്റിച്ചിറ മിഷ്‌കാല്‍ പള്ളിയിലെ ഫസാഡ് ലൈറ്റിംഗിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം 2024 ഡിസംബര്‍ 20 വെള്ളിയാഴ്ച്ച വൈകുന്നേരം 7.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.




