പാരാമെഡിക്കല്‍ കോഴ്‌സുകള്‍:ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും

പാരാമെഡിക്കല്‍ കോഴ്‌സുകള്‍:ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2024-25 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകള്‍www.lbscentre.kerala.gov.inവെബ്സൈറ്റിലൂടെ ഡിസംബര്‍ 18 മുതല്‍ 20 വൈകിട്ട് 5 മണി വരെ സമര്‍പ്പിക്കണം. മുന്‍പ് സമര്‍പ്പിച്ച ഓപ്ഷനുകള്‍ പരിഗണിക്കില്ല. മുന്‍ അലോട്ട്മെന്റുകള്‍ വഴി കോളേജുകളില്‍ പ്രവേശനം നേടിയവര്‍ കോളേജുകളില്‍ നിന്നും ലഭിച്ച എന്‍ഒസി (നിരാക്ഷേപപത്രം) ഓപ്ഷന്‍ സമര്‍പ്പണവേളയില്‍ അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് 21 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363,364.

എസ്.എസ്.എല്‍.സി പരീക്ഷ: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
2025 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമ്പൂര്‍ണ ലോഗിന്‍ വഴിയാണ് സ്‌കൂളില്‍നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കേണ്ടത്. സമ്പൂര്‍ണ ലോഗിനില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഡിസംബര്‍ 31ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമയക്രമത്തില്‍ മാറ്റം അനുവദിക്കില്ല.

യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവില്‍ പഠനം പൂര്‍ത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍നിന്ന് ജനസംഖ്യാനുപാതികമായി ”യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ്” പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 12 സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വര്‍ഷ പരീക്ഷയില്‍ 55% മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവരും ബിരുദാനന്തര ബിരുദം 55% മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് പരിശീലത്തിന് അര്‍ഹത. ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in വകുപ്പ് വെബ്‌സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാല്‍ മുഖാന്തിരമോ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികളില്‍ നിന്നും 2024-25 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോം അതാതു ജില്ലാ ഓഫീസിലും www.kmtwwfb.org യിലും ലഭിക്കും.

പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിങ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഡിസംബര്‍ 18 രാവിലെ 11 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തുന്നു. അഖില കേരള ചാക്കമര്‍ മഹാസഭ സമര്‍പ്പിച്ച ഹര്‍ജി, പെന്തക്കോസ്തു വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, പെരുംകൊല്ലന്‍ എന്ന ജാതിപ്പേര് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം, സാരസ്വത് നോണ്‍ ബ്രാഹ്‌മിണ്‍ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സാരസ്വത് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിങ്ങില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശശിധരന്‍, മെമ്പര്‍മാരായ സുബൈദാ ഇസ്ഹാക്ക്, ഡോ എ വി ജോര്‍ജ്, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷിക്കാം
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് (2024-25) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം / സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ച യുവജനങ്ങളെയാണ് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com മെയിലില്‍ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308630.

കെല്‍ട്രോണ്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മൈന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജിസ്, സര്‍ട്ടിഫിക്കറ്റ് കോഴ്സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍, ഗ്രാഫിക്സ് ആന്‍ഡ് വിശ്വല്‍ എഫക്ട് കോഴ്സുകളിലാണ് പ്രവേശനം. ഫോണ്‍: 0471-2325154, 85906 05260.




.

