യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽനിന്ന് ജനസംഖ്യാനുപാതികമായി ”യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്” പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 12 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55% മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരും ബിരുദാനന്തര ബിരുദം 55% മാർക്കോടെ പൂർത്തിയാക്കിയവർക്കുമാണ് പരിശീലത്തിന് അർഹത. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എ.പി.എൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in വകുപ്പ് വെബ്സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം.
ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) വനിതകൾക്കായുള്ള ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം.
ആറുമാസം ദൈർഘ്യമുള്ള കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്. ഉയർന്ന പ്രായപരിധി 30 വയസ്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468, 2339178, 2329539, 2329539, 9446329897.
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവ. അംഗീകൃത കോഴ്സുകളായ ഗ്രാഫിക്സ് അഡ്വാന്‍സ്ഡ് ഡിപ്ലോമ, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ് പ്രൊഫഷണല്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഈ നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍: 04712325154, 8590605260.



