പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്

 

പരിശീലകന്‍ മികായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ 12 കളിയില്‍ ഏഴിലും തോറ്റ് നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കെയാണ് ക്ലബിന്റെ കടുത്ത തീരുമാനം. സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരേയും പുറത്താക്കി.

ഇവാന്‍ വുകോമനോവിച്ചിന് പകരക്കാരനായാണ് ഈ സീസണിന്റെ തുടക്കത്തില്‍ സ്വീഡിഷുകാരനായ മികായേല്‍ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഐഎസ്എല്ലില്‍ പരിശീലകനാകുന്ന ആദ്യ സ്വീഡിഷുകാരനെന്ന പകിട്ടോടെയായിരുന്നു എന്‍ട്രി. ഡ്യൂറന്റെ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പുറത്തായെങ്കിലും

ആക്രമണഫുട്‌ബോളിന്റെ പേരില്‍ തുടക്കത്തില്‍ സ്റ്റാറെ കയ്യടി നേടി. എന്നാല്‍ ഐഎസ്എല്ലില്‍ അടിമുടി പിഴച്ചു.

പല തോല്‍വികള്‍ക്കും പരിക്കുകളേയും വ്യക്തിഗത പിഴവുകളെയും പഴിക്കാമെങ്കിലും പ്ലാന്‍ ബികള്‍ ഇല്ലാത്തതില്‍ സ്റ്റാറെയും കുറ്റക്കാരനാണ്. തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ ടിക്കറ്റ് വില്‍പ്പനയില്‍ സഹായിക്കില്ലെന്നും ഗ്രൗണ്ടില്‍ പ്രതിഷേധങ്ങളുണ്ടാകുമെന്നും ആരാധകകൂട്ടായ്മയായ മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് അല്‍പമെങ്കിലും തടയിടാനാണ് സ്റ്റാറെയെ പുറത്താക്കിയുള്ള മാനേജ്‌മെന്റ് ഇരുട്ടിലെ ഓട്ടയടക്കല്‍ പദ്ധതി.

പുതിയ പരിശീലകനെ ഉടനെ പ്രഖ്യാപിക്കുമെന്നും അതുവരെ റിസര്‍വ് ടീം പരിശീലകന്‍ തോമസ് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ക്കായിരിക്കും ക്ലബിന്റെ ചുമതലയെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!