ഇലക്ട്രിക് സ്‌കൂട്ടര്‍ തീയിട്ട യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് എല്‍പ്പിച്ചു


പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്ത് കൊണ്ട് പോയി തീയിട്ട യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് എല്‍പ്പിച്ചു. അക്രമാസക്തനായി പോലീസ് സ്റ്റേഷന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ചില്ലുകൊണ്ട് കൈക്ക് മുറിവേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പയ്യോളി സ്വദേശി ഫഹദാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് പുലര്‍ച്ചെ 1.40 ഓടെയാണ് സംഭവം.
പയ്യോളി ഐ പി സി റോഡില്‍ പുതിയേടത്ത് താഴെ സജിത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് അഗ്നിക്കിരയാക്കിയത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുപോയി കതിരാറ്റില്‍ ഹൈവെ ലിങ്ക് റോഡരികില്‍ ഇട്ട് കത്തിക്കുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു.
തീയാളുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ യുവാവിനെ ഓടിച്ചിട്ട് പിടിച്ചു പയ്യോളി പോലീസില്‍ ഏല്‍പിച്ചു. തുടര്‍ന്ന് അക്രമാസക്തനായ പ്രതി പോലിസ് സ്റ്റേഷനിലെ ഗ്ലാസ്സ് ഡോര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഫഹാദിനെ പയ്യോളി പോലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




