വടകര അദാലത്തിൽ പരിഗണിച്ചത് 520 പരാതികൾ; 246 എണ്ണം തീർപ്പാക്കി
ചൊവ്വാഴ്ച വടകര ടൗൺഹാളിൽ നടന്ന വടകര താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 520 പരാതികള്‍. ഇവയില്‍ 146 പരാതികള്‍ ഉദ്യോഗസ്ഥ തലത്തിലും ഉദ്യോഗസ്ഥ തലത്തില്‍ പരിഹാരം ആവാതിരുന്ന 100 പരാതികള്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലും പരിഹരിച്ചു.
ബാക്കി തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് മന്ത്രിമാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കും.
230 പരാതികള്‍ ഓണ്‍ലൈനായും 290 പരാതികള്‍ അദാലത്ത് വേദിയിലും ലഭിച്ചു. പുതുതായി ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം 10 ദിവസത്തിനകം തുടര്‍നടപടിയെ കുറിച്ച് പരാതിക്കാരെ അറിയിക്കും.
ഡിസംബർ 9 ന് തുടങ്ങിയ താലൂക് തല അദാലത്തിന് മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നടത്തിയ അദാലത്തിനെ അപേക്ഷിച്ചു പരാതി പരിഹാരത്തിന്റെ ശതമാനം ഈ അദാലത്തിൽ വർധിച്ചു. ജനങ്ങൾ സംതൃപ്തരായാണ് അദാലത്തു കഴിഞ്ഞു മടങ്ങുന്നത്.
നിരന്തര പരിശോധന നടത്തി, കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കി ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കുന്ന പ്രക്രിയയാണ് താലൂക് തല അദാലത്തിലൂടെ സർക്കാർ നടത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ചൂണ്ടിക്കാട്ടി.
എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എഡിഎം എൻ എം മെഹറലി, അസി. കളക്ടർ ആയുഷ് ഗോയൽ, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി കളക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.