‘കരുതലും കൈത്താങ്ങും’ കോഴിക്കോട് താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 474 പരാതികള്‍, 280 ലേറെ പരാതികള്‍ പരിഹരിച്ചു

സാധാരണക്കാര്‍ക്ക് അദാലത്ത് ഏറെ ആശ്വാസം പകര്‍ന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് തലത്തില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത് 450 പരാതികള്‍. ഇവയില്‍ 190 പരാതികള്‍ ഉദ്യോഗസ്ഥ തലത്തിലും ഉദ്യോഗസ്ഥ തലത്തില്‍ പരിഹാരം ആവാതിരുന്ന 90 പരാതികള്‍ മന്ത്രിമാരുടെ നേതൃത്വത്തിലും പരിഹരിച്ചു. ബാക്കിയുള്ള തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ എത്രയും വേഗം പരിഹരിക്കുന്നതിന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് തീരുമാനം പരാതിക്കാരെ അറിയിക്കും.

357 പരാതികള്‍ ഓണ്‍ലൈനായും 117 പരാതികള്‍ അദാലത്ത് വേദിയിലും ലഭിച്ചു.
29 പേര്‍ക്ക് എഎവൈ കാര്‍ഡുകളും ഏഴു പേര്‍ക്ക് മുന്‍ഗണന കാര്‍ഡുകളും വിതരണം ചെയ്തുകൊണ്ടായിരുന്നു അദാലത്തിന് തുടക്കമായത്. താലൂക്ക്തല അദാലത്ത് സാധാരണക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2023ല്‍ ഏപ്രില്‍, മെയ് മാസത്തിലാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍ നടത്തിയത്. അതിലൂടെ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും അവയ്ക്ക് സത്വര പരിഹാരം കാണാനും സാധിച്ചു. അതിന്റെ ചുവടുപിടിച്ചാണ് ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല അദാലത്തുകളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടെത്തി നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍ തദ്ദേശസ്ഥാപനതലത്തിലോ വകുപ്പ് തലത്തിലോ പരിഹരിക്കപ്പെടാത്ത വിഷയങ്ങളാണ് അദാലത്തുകളില്‍ പരാതികളായി എത്തുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് അദാലത്തില്‍ വച്ചുതന്നെ പരിഹാരം കാണുന്ന സ്ഥിതിയുണ്ടായി. വകുപ്പുകളുടെ ഏകോപനം ആവശ്യമായ വിഷയങ്ങളില്‍ എളുപ്പത്തില്‍ പരിഹാരമുണ്ടാക്കാന്‍ അദാലത്തിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു. അദാലത്തില്‍ പുതുതായി ലഭിച്ച പരാതികളില്‍ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സമയക്രമം നിശ്ചയിച്ച് നല്‍കിയതായും ഇക്കാര്യം അവലോകനം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മരം മുറിക്കലുമായി ബന്ധപ്പെട്ട് അദാലത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതായും അവയെല്ലാം ഒറ്റ പരാതിയായി കണ്ട് ഒരു ഉത്തരവിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചതായും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങുന്നതോടെ ഇതു സംബന്ധമായ എല്ലാ പരാതികള്‍ക്കും പരിഹാരമാവുമെന്നും മന്ത്രി അറിയിച്ചു.

കോവൂര്‍ പി കൃഷ്ണപിള്ള സ്മാരക ഹാളില്‍ നടന്ന അദാലത്തില്‍ മേയര്‍ ബീന ഫിലിപ്പ്, എംഎല്‍എമാരായ പി ടി എ റഹീം, അഹമ്മദ് ദേവര്‍ കോവില്‍, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, ഉത്തരമേഖലാ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി, സബ് കലക്ടര്‍ ഇന്‍ ചാര്‍ജ് ആയുഷ് ഗോയല്‍, എഡിഎം എന്‍ എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റല്‍, കെട്ടിടനമ്പര്‍ ലഭിക്കല്‍, നികുതി അടവ്, വഴിത്തര്‍ക്കം, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു അദാലത്തില്‍ കൂടുതലായി ലഭിച്ചത്.

വടകര താലൂക്ക്തല അദാലത്ത് ഇന്ന് (ഡിസംബര്‍ 10) രാവിലെ 10 മുതല്‍ വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളിലും കൊയിലാണ്ടി താലൂക്ക്തല അദാലത്ത് ഡിസംബര്‍ 12 ന് കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളിലും താമരശ്ശേരി താലൂക്ക്തല അദാലത്ത് ഡിസംബര്‍ 13 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ഹാളിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!