രണ്ട് ആവശ്യങ്ങളുമായി വന്നു; ആശ്വാസത്തോടെ ഫിനു മടങ്ങി

“ഫിനുവിന്റെ കാര്യം അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ മന്ത്രി ശശീന്ദ്രൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ക്രൈബിനെ വെച്ച് പരീക്ഷ എഴുതാൻ അനുവദിക്കുന്ന കാര്യവും കളക്ടർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് എഴുതും. ആശ്വാസത്തോടെയാണ് ഞങ്ങൾ അദാലത്തിൽ നിന്ന് മടങ്ങുന്നത്,” കണ്ണീരടക്കി നരിക്കുനി തെയ്യത്തുംകാവിൽ വീട്ടിൽ അബ്‌ദുൾ മജീദ് പറഞ്ഞു.

മജീദിന്റെ 27-കാരൻ മകൻ, ഫിനു ഫവാസ് ലോക്കോമോട്ടോർ ഡിസബിലിറ്റി ബാധിതനാണ്. വിഎച്ച്എസ്ഇ-യിൽ നിന്ന് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ കോഴ്സ് കഴിഞ്ഞു പി എസ് സി പരീക്ഷ എഴുതിയ ഫിനു റാങ്ക് പട്ടികയിൽ ഇടം നേടി. പക്ഷേ, ആ സമയത്താണ് അസുഖം പിടികൂടുന്നത്.

അസുഖം ബാധിച്ചതിനാൽ തുടർന്ന് പരിഗണിക്കാൻ കഴിയില്ലെന്ന് പി എസ് സി അറിയിച്ചു. പരീക്ഷ എഴുതുമ്പോൾ അസുഖം ഇല്ലാതിരുന്ന കാര്യം ചൂണ്ടിക്കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല. ആ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു. അടുത്ത പി എസ് സി വിളിക്കുമ്പോഴേക്കെങ്കിലും തനിയ്ക്ക് പരീക്ഷ എഴുതാൻ സാധിക്കും വിധം നിയമഭേദഗതി നടത്തണമെന്നാണ് ഫിനുവിന്റെ ആവശ്യം.

മറ്റൊരു ആവശ്യം, ഇപ്പോൾ പഠിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിന്റെ പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിക്കണം എന്നതും. മുൻപ് നടന്ന അദാലത്തിന്റെ ഉത്തരവിനെ തുടർന്ന് രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിച്ചിരുന്നു. അത് പക്ഷേ, അഞ്ചു ദിവസം മുൻപ് മാത്രം അനുവദിക്കപ്പെട്ടതിനാൽ വേണ്ടത്ര മുന്നൊരുക്കം നടത്താനായില്ല. എന്നിട്ടും ആറ് പേപ്പറുകൾ പാസായി. ഇനി നാലെണ്ണം കൂടി കിട്ടാനുണ്ട്. ഒരു പരീക്ഷയ്ക്ക് കൂടി സ്ക്രൈബിനെ വെച്ചാൽ കോഴ്സ് പാസാകുമെന്ന് ഫിനുവിന് ഉറപ്പ്.

രണ്ടു ആവശ്യങ്ങളും മന്ത്രി എ കെ ശശീന്ദ്രനോട്‌ പറയുമ്പോൾ അബ്‌ദുൾ മജീദ് വിങ്ങിപ്പൊട്ടി. “പ്ലസ്‌ ടു കഴിയുന്നത് വരെ എല്ലാവരെയും പോലെ ആരോഗ്യമുള്ള കുട്ടിയായിരുന്നു അവൻ. എല്ലാ മേഖലകളിലും വളരെ സജീവമായിരുന്ന, എല്ലാവരുടെയും പ്രിയപ്പെട്ട ഒരാൾ,” മജീദ് പറഞ്ഞു. കുടുംബത്തിൽ വേറെ ആർക്കും ഈ അസുഖമില്ലെന്ന് മജീദ് പറയുന്നു. ഏഴ് വർഷം മുൻപ് രോഗം പിടിപെട്ട ഫിനുവിന് 2021 ൽ സംസാരശേഷിയും നഷ്ടമായി.

ജില്ലാ കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ചാലുടൻ വേണ്ടത് ചെയ്യാം എന്ന് മന്ത്രി ഉറപ്പ് പറഞ്ഞു. ഇക്കാര്യം മന്ത്രി അപ്പോൾ തന്നെ ജില്ലാ കളക്ടറെ വിളിച്ചു പ്രത്യേകം ഓർമിപ്പിച്ചു.

ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഫിനു ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എമർജൻസി മെഡിക്കൽ കെയർ എന്നീ കോഴ്സുകളും പാസായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!