എലത്തൂര്‍ ഇന്ധനചോര്‍ച്ച: ജലാശയങ്ങള്‍ അതിവേഗം ശുചീകരിക്കും- ജില്ലാ കളക്ടര്‍
– സ്ഥാപനത്തിനെതിരേ കേസെടുത്തു
– മെഡിക്കല്‍, ഫയര്‍ഫോഴ്സ് സംഘത്തെ നിയോഗിച്ചു
എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയില്‍ നിന്ന് ഇന്ധനച്ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ജലാശയങ്ങള്‍ ശുചീകരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. സ്പെഷ്യല്‍ ഓയില്‍ ഡിസ്പെര്‍സന്റ് ലിക്വിഡ് ഉപയോഗിച്ച് ജലത്തില്‍ കലര്‍ന്ന ഇന്ധനം നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഡിസ്പെര്‍സെന്റ് മുംബൈയില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെ ജലസ്രോതസ്സുകള്‍ ശുചിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കും. ഇതിനുള്ള നിര്‍ദേശം എച്ച്പിസിഎല്‍ അധികൃതര്‍ക്ക് നല്‍കിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച വകുപ്പ് ഉദ്യോഗസ്ഥരുമായും എച്ച്.പി.സി.എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചോര്‍ച്ച ആക്സമികമായി സംഭവിച്ചതാണ്. എച്ച്പിസിഎല്ലിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. മെക്കാനിക്കല്‍/ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പരാജയമാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെന്‍സര്‍ ഗേജിലുണ്ടായ പിഴവാണ് ചോര്‍ച്ചയിലേക്ക് നയിച്ചത്. 1500 ലിറ്റര്‍ ഇന്ധനം ചോര്‍ന്നതായാണ് എച്ച്.പി.സി.എല്‍ അധികൃതര്‍ അറിയിച്ചത്. ഇത് അടുത്തുള്ള തോടിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇന്ധനം ഏതാണ്ട് ഒരു കിലോമീറ്ററോളം പടര്‍ന്നതായാണ് കണ്ടെത്തിയത്. ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകള്‍ പ്രകാരം സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ നിയമം, എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നിവ പ്രകാരം കേസെടുക്കും.
ദുരന്തനിവാരണം, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം, കോര്‍പറേഷന്‍, റെവന്യൂ തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥ സംഘം ഇന്നലെയും ഇന്നുമായി (ബുധന്‍, വ്യാഴം) സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് നല്‍കുമെന്നും ജില്ല കളക്ടര്‍ പറഞ്ഞു.
ഇന്ധനം മണ്ണില്‍ കലര്‍ന്ന ഇടങ്ങളില്‍ മണ്ണ് മാറ്റി വൃത്തിയാക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ ഏറ്റെടുക്കാനും എച്ച്പിസിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം എന്നിവര്‍ സ്ഥലത്തുണ്ട്. പ്രദേശവാസികളില്‍ ഇതേത്തുടര്‍ന്ന് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ അവ പരിഹരിക്കാനായി പ്രത്യേക മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായി ജില്ല കളക്ടര്‍ പറഞ്ഞു.