ക്യാമറാ ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിക്കാനിരിക്കെ; ജോയിന്റ് കമ്മീഷണർക്കെതിരാണ് പരാതിയെങ്കിലും ഇടപാടുകൾ മുഴുവൻ അന്വേഷിക്കുമെന്ന് വിജിലൻസ്.

തിരുവനന്തപുരം: കേരളത്തിലുടനീളം റോഡുകളിൽ 232.25 കോടി ചെലവിൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചതിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത് പ്രതിപക്ഷം കോടതിയിൽ പോവുമെന്ന് ഉറപ്പായപ്പോൾ. ക്യാമറാ ഇടപാടിന്റെ രേഖകൾ ശേഖരിച്ച് ഹൈക്കോടതിയെ സമീപിക്കാൻ പ്രതിപക്ഷം ഇന്ന് തീരുമാനിക്കാനിരിക്കുകയായിരുന്നു.

കൊല്ലത്തെ സംഘടനയുടെ പരാതിയിൽ ക്യാമറയ്ക്കെതിരായ പരാതി മാത്രമല്ല ഉണ്ടായിരുന്നത്. സ്ഥലംമാറ്റത്തിലടക്കമുള്ള അഴിമതികളെക്കുറിച്ചാണ് പരാതി. കരുനാഗപ്പള്ളിയിലെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ എന്ന സംഘടന കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധന നടത്തി പരാതിയിൽ കഴമ്പുണ്ടെന്നും അന്വേഷിക്കേണ്ടതാണെന്നും കണ്ടെത്തിയിരുന്നു.

ക്യാമറ സ്ഥാപിച്ചത് സർക്കാർ തീരുമാനവും ശുപാർശയും ഉത്തരവും അനുസരിച്ചായതിനാൽ അന്വേഷണത്തിന് വിജിലൻസ് മേധാവി മനോജ് എബ്രഹാം മുഖ്യമന്ത്രിയുടെ അനുമതി തേടി. ഫെബ്രുവരി അവസാനം പ്രാഥമിക അന്വേഷണത്തിന് അനുമതി ലഭിച്ചു.

ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്ത്, സെക്ഷൻ ക്ലാർക്ക് എന്നിവർക്കെതിരെയാണ് പരാതിയെങ്കിലും കാമറാപദ്ധതിയിലെ മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് സർക്കാർ തീരുമാനം. ക്രമക്കേട് കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും.

ഗുണമേന്മ കുറഞ്ഞ ക്യാമറകൾ വൻവിലയ്ക്ക് വാങ്ങി, ടെൻഡറിലടക്കം തിരിമറി നടത്തി, ഉയർന്ന തുകയ്ക്ക് മോട്ടോർ വാഹനവകുപ്പിനായി വൈദ്യുതി വാഹനങ്ങൾ വാടകയ്ക്കെടുത്ത് കാറുകൾ വാങ്ങുന്നതിലധികം തുക വാടകയായി നൽകി, കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉയർന്ന നിരക്കിൽ വാങ്ങിക്കൂട്ടി, വൻവിലയ്ക്ക് സെർവറുകൾ വാങ്ങി, സ്ഥലംമാറ്റങ്ങളിൽ കോഴ എന്നിങ്ങനെ അഞ്ച് പരാതികളാണ് ജോയിന്റ് കമ്മിഷണർക്കെതിരേയുണ്ടായിരുന്നത്.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കെൽട്രോണിന്റെ മിക്ക നടപടികളുമെന്നതിനാൽ വിജിലൻസ് അന്വേഷണം നീളുന്നത് മന്ത്രിസഭയിലേക്കാണ്. അതുകൊണ്ടു തന്നെ വിജിലൻസ് അന്വേഷണം എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. 232.25കോടിയുടെ പദ്ധതിയിൽ ക്യാമറയ്ക്കുള്ള ചെലവ് 74കോടി മാത്രമാണ്. സാങ്കേതിക സംവിധാനങ്ങൾ, സെർവർ റൂം, പലിശ, പ്രവർത്തന ചെലവ് ഇനത്തിലാണ് ശേഷിക്കുന്ന തുക വകയിരുത്തുക.

സ്വന്തമായി നിർമ്മിച്ച ഉപകരണങ്ങൾക്ക് കൺസൾട്ടൻസി തുക നൽകാനാവില്ലെന്ന ധനവകുപ്പിന്റെ എതിർപ്പ് വകവയ്ക്കാതെ കൺസൾട്ടൻസി ഫീസായി 7.56കോടി നൽകിയതും സ്വകാര്യകമ്പനിയായ എസ്.ആർ.ഐ.ടിക്ക് 121കോടിയുടെ ഉപകരാർ നൽകിയപ്പോഴാണോ തുടക്കത്തിൽ 151കോടിയായിരുന്ന പദ്ധതി 232.25കോടിയായി ഉയർന്നതെന്നും അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!