എം നാരായണൻ മാസ്റ്റർ ഒരു തികഞ്ഞ കമ്യൂണിസ്റ്റ് ബിനോയ് വിശ്വം
കൊയിലാണ്ടി: ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും പരിപൂർണമായി നിറവേറ്റണമെന്ന നിർബന്ധബുദ്ധിയായിരുന്നു നാരായണൻ മാസ്റ്റരുടെ പ്രത്യേകത. ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരെ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ സൗഹൃദം ഋജുവും മനോഹരവുമായിരുന്നു. നിറഞ്ഞ സ്നേഹമായിരുന്നു നാരായണൻ മാസ്റ്റർ. പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച ഉത്തമനായ സഖാവായിരുന്നു അദ്ദേഹം. ഇന്നലെ ആകസ്മികമായി വിട പറഞ്ഞ സി പി ഐ നേതാവ് എം നാരായണന്‍ മാസ്റ്ററുടെ സംസ്ക്കാരത്തിനുശേഷം നാരായണന്‍ മാസ്റ്ററുടെ ഗൃഹാങ്കണത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
സി പി ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എം എൽ എ ഇ. കെ. വിജയൻ, നാട്ടിക എം എൽ എ. സി. സി. മുകുന്ദൻ, ബി കെ എം യു ദേശീയ വൈസ് പ്രസിഡൻ്റ് കെ ഇ ഇസ്മായിൽ, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി. എൻ. ചന്ദ്രൻ, ടി. വി. ബാലൻ, മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. കെ. ശ്രീകുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം. പി. ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ജീവാനന്ദൻ, വിവിധ കക്ഷി നേതാക്കളായ രാജേഷ് കീഴരിയൂർ, ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ, റിയാസ് നന്തി, ദേവരാജൻ, വീമംഗലം യു പി സ്കൂൾ അദ്ധ്യാപകൻ പി. പി. ഷാജി, കനിവ് ചാരിറ്റബൾ ട്രസ്റ്റ് സെക്രട്ടറി ഒ. പത്മനാഭൻ മാസ്റ്റർ, എൻ. വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.