കൊയിലാണ്ടി മണ്ഡലം തല വിദ്യാഭ്യാസ പദ്ധതി: ഡിസംബര്‍ 3 ന് കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കം
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എ യുടെ നേതൃത്വത്തില്‍ Generation United (തലമുറകളുടെ സംവാദം ) എന്ന പേരില്‍ മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ തലമുറകളുടെ സംവാദം സംഘടിപ്പിക്കുന്നു.
പഴയ കളികള്‍, പഴയ പാട്ടുകള്‍, പഴയ വേഷവിധാനം, പഴയ ഗതാഗതം, നിര്‍മാണ രീതികള്‍, പട്ടണങ്ങളുടെ ഘടന, വാഹനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കേരളത്തിനു തന്നെ മാതൃകയായി മാറാവുന്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്.
നിയോജക മണ്ഡല തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഡിസംബര്‍ 3 ന് ചൊവ്വ കാലത്ത് 10.30 ന് നടക്കും. സംവാദം 3 മണിക്കൂര്‍ നീണ്ടുനില്‍ക്കും. വിവിധ തീമുകള്‍ കേന്ദ്രീകരിച്ച് അഞ്ച് ഗ്രൂപ്പുകള്‍ പാനല്‍ ചര്‍ച്ച രൂപത്തിലാണ് പരിപാടി നടക്കുക. ഓരോ ഗ്രൂപ്പിലും അഞ്ച് മുതിര്‍ന്ന പൗരന്മാരും മോഡറേറ്റര്‍ ആയി ഒരു വിദ്യാര്‍ത്ഥിയും പങ്കെടുക്കുമെന്ന് കൊയിലാണ്ടി പ്ര്സ്സക്ലബ്ബില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാനത്തില്‍ ജമീല എംഎല്‍എ, നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ. യൂനുസ്, പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ്കുമാര്‍, മണ്ഡലം വിദ്യാഭ്യാസ പദ്ധതി കോര്‍ഡിനേറ്റര്‍ എം.ജി. ബല്‍രാജ് എന്നിവര്‍ പറഞ്ഞു.
മണ്ഡലത്തിലെ യു.പി. വിദ്യാലയങ്ങളിലെ ഗണിത നിലവാരം മെച്ചപ്പെടുത്താന്‍ ‘മഞ്ചാടി ‘ എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 30 യു.പി. വിദ്യാലയങ്ങളിലാണ് അത് നടക്കുന്നത്. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറുന്ന വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റി അവബോധം ഉണ്ടാക്കാന്‍ നിയോജക മണ്ഡലം തല വിദ്യാഭ്യാസ സെമിനാര്‍ അടുത്ത മാസം സംഘടിപ്പിക്കും. കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ലൈഫ് സ്കില്‍ ട്രെയിനിങ്, ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡുകള്‍, സംസ്ഥാന തല ഗണിതശില്പശാല , എഡ്യുക്കേഷനല്‍ എക്സ്പൊ എന്നിവയും തുടര്‍ന്നുള്ള മാസങ്ങളില്‍ നടക്കും