വൈദ്യുതി പ്രതിസന്ധി, വൈദ്യൂതി നിരക്ക് ഉയര്‍ത്താന്‍ ആലോചന: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ വൈദ്യൂതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്ക് ഉയര്‍ത്തിക്കൊണ്ട് റെഗുലേറ്ററി കമ്മിഷന്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഈ ആഴ്ച തന്നെ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാനാണ് ആലോചന. നിരക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 20 പൈസ വരെ ഉയര്‍ത്തിയേക്കും.

70% വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കും. നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ല – കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം നടത്താന്‍ സാധ്യതകളുണ്ട്. എന്നാല്‍ പരിതസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി തടസ്സങ്ങള്‍ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളില്‍ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷമാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്. യൂണിറ്റിന് 10 പൈസ് മുതല്‍ 20 പൈസ വരെ ഉയര്‍ത്താനാണ് ധാരണ. വേനല്‍ക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിര്‍ദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്. വേനല്‍ കാലമായ ജനുവരി മുതല്‍ മെയ്യ് വരെ നിലവില്‍ അംഗീകരിക്കുന്ന താരീഫിന് പുറമെ 10 പൈസ കൂടി യൂണിറ്റിന് അധികമായി വാങ്ങണം എന്നാണ് KSEB ആവശ്യം. ഇതിലും തീരുമാനം ഉണ്ടാകും.. മുഖ്യമന്ത്രിയുടെ അനുമതി കൂടി വാങ്ങിയ ശേഷമാകും പ്രഖ്യാപനം.

ഈ ആഴ്ച പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചാലും ഡിസംബര്‍ ഒന്നുമുതലുള്ള വൈദ്യുതി ഉപഭോഗത്തിന് പുതിയ ഉയര്‍ന്ന നിരക്ക് ഈടാക്കും. പ്രതിവര്‍ഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നെന്നാണ് KSEB വാദം. പ്രതിസന്ധിയുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ഹൈഡ്രല്‍ പ്രൊജക്ടുകള്‍ വരണം.ഇത് തുടങ്ങിയാല്‍ ചെറിയ വിലക്ക് വൈദ്യുതി നല്‍കാം. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കണം – മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!