ഒരു വര്‍ഷം നീളുന്ന ഭരണഘടനാ ബോധവല്‍ക്കരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്, ഭരണഘടനാ ദിനം ആചരിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് വെര്‍ച്വല്‍ ഹാളില്‍ പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭരണഘനാ ബോധവല്‍ക്കരണ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ വച്ച് പ്രസിഡന്റ് നിര്‍വഹിച്ചു. ലോകത്തിനു തന്നെ മാതൃകയായി നിലകൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് ഭരണഘടനയെ കുറിച്ചുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും പൊതുജനങ്ങള്‍ക്കിടയിലും ഭരണഘടനാ അവബോധം വര്‍ധിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‌റ് അഡ്വ. പി. ഗവാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കൈവരിക്കുന്ന ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലാ പഞ്ചായത്ത് ന്തേൃത്വം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ ടി ശേഖര്‍ മുഖ്യാതിഥിയായി. വൈവിധ്യങ്ങളുടെ സൗന്ദര്യാത്മകതകൊണ്ട് സമ്പന്നമായ രാജ്യത്ത് ഐക്യപൂർണമായ ജനാധിപത്യ ജീവിതം സാധ്യമാക്കാൻ ഭരണഘടനയുടെ മൂല്യങ്ങൾ തകർക്കപ്പെടാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്ധു ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, ഷറഫുന്നീസ ടീച്ചര്‍, ഇ ശശീന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ അബ്ദുള്‍ മുനീര്‍ എന്നീവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ അബ്ദുള്‍ മുനീര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!